ഇന്റര്‍ മിലാന്റെ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം മാര്‍സെലോ ബ്രോസോവിച്ചുമായി കരാറിലെത്താന്‍ സാധിക്കാതെ വന്നതോടെ ബാഴ്‌സ താരത്തെ ലക്ഷ്യമിട്ട് സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍.
ബാഴ്‌സലോണയുടെ ഐവറികോസ്റ്റ് ഇന്റര്‍നാഷണല്‍ ഫ്രാങ്ക് കെസ്സിയെയാണ് അല്‍ നസര്‍ ലക്ഷ്യമിടുന്നത്. ഫുട്‌ബോള്‍ ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രോസോവിച്ചുമായുള്ള നീക്കത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നതിനാലാണ് അല്‍ നസര്‍ പുതിയ താരങ്ങളെ തേടുന്നത്.
23 മില്യണ്‍ യൂറോയാണ് അല്‍ നസറും ഇന്ററും ബ്രോസോവിച്ചിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നിരുന്നാലും മൂന്ന് വര്‍ഷത്തേക്ക് അല്‍ നസര്‍ വെച്ചുനീട്ടിയ 100 മില്യണിന്റെ ലാഭകരമായ ഓഫര്‍ താരം എതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സൈനിങ് ഫീസും വേതനവും ഈ തുകയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ ജൂണ്‍ 30ഓടെ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണെന്നാണ് വിവിധ അന്തര്‍ദേശീയ, കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ വാഗ്ദാനം ചെയ്ത തുകയില്‍ നിന്നും പത്ത് മില്യണ്‍ യൂറോ കുറച്ചാണ് അല്‍ നസര്‍ ഇപ്പോള്‍ ഓഫര്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്. തുടക്കത്തില്‍ സമ്മതിച്ച തുകക്ക് പകരം ട്രാന്‍സ്ഫര്‍ ഫീസായി 13 മില്യണ്‍ യൂറോയും ബോണസായി രണ്ട് മില്യണ്‍ യൂറോയുമാണ് പുതിയ ഓഫറിലുള്ളത്.
എന്നാല്‍ ബ്രോസോവിച്ചിന് പകരം ബാഴ്‌സയുടെ മിഡ്ഫീല്‍ഡറായ ഫ്രാങ്ക് കെസിയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരു ടീമിനും ഈ ട്രാന്‍സ്ഫര്‍ വഴി ഗുണം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ സഹതാരമായ വില്യം കാര്‍വലോയെ ടീമിലെത്തിക്കാന്‍ റൊണാള്‍ഡോ ക്ലബ്ബിനോടാവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ റയല്‍ ബെറ്റിസിന്റെ താരമാണ് കാര്‍വെലോ.
ഇതിന് പിന്നാലെ അല്‍ നസര്‍ കാര്‍വാലോയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും താരത്തെ ക്ലബ്ബിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Al Nassr targets Barcelona star Franck Kessie