|

ഒറ്റയടിക്ക് ഇന്റര്‍ മിലാനെയും നാപ്പോളിയെയും അയാക്‌സിനെയും മറികടന്ന് അല്‍ നസര്‍; ഇതെല്ലാം യാരാലേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ ട്രാന്‍സ്ഫറുകളൊന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിലെത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകക്കാണ് റൊണാള്‍ഡോയെ അല്‍ നസര്‍ സ്വന്തമാക്കിയത്.

റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്ന റൂമറുകള്‍ വന്നപ്പോള്‍ തന്നെ അല്‍ നസര്‍ ചര്‍ച്ചകളിലേക്കുയര്‍ന്നിരുന്നു. റൊണാള്‍ഡോയെ സ്വന്തമാക്കിയതോടെ ടീമിന്റെ പേരും പ്രശസ്തിയും ഒപ്പം ആരാധക പിന്തുണയും വാനോളം ഉയര്‍ന്നു.

ദശലക്ഷക്കണക്കിന് ക്രിസ്റ്റിയാനോ ജേഴ്‌സികളാണ് ചൂടപ്പം പോലെ വിറ്റഴിഞ്ഞത്. സോഷ്യല്‍ മീഡിയയിലും ടീമിന് ആരാധക പിന്തുണ കുത്തനെ വര്‍ധിച്ചിരുന്നു. റൊണാള്‍ഡോ ടീമിലെത്തും മുമ്പ് എട്ട് ലക്ഷം മാത്രമുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം ഫോളേവേഴ്‌സ് ഇപ്പോള്‍ 9.7 മില്യണ്‍ ആയി ഉയര്‍ന്നിരിക്കുകയാണ്.

ഇതിനെല്ലാം കാരണം ക്രിസ്റ്റിയാനോ എഫക്ടാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ക്രിസ്റ്റ്യാനോ ടീമിലെത്തിയതിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗിലെ പല സൂപ്പര്‍ ക്ലബ്ബുകളെയും മറികടന്നാണ് അല്‍ നസര്‍ ആരാധക പിന്തുണയില്‍ മുമ്പിലെത്തിയിരിക്കുന്നത്.

സീരി എയിലെയും പ്രീമിയര്‍ ലീഗിലെയും പല വമ്പന്‍ ടീമുകള്‍ക്കും അല്‍ നസറിനെക്കാള്‍ ഇന്‍സ്റ്റ ഫോളേവേഴ്‌സ് കുറവാണ്. ക്രിസ്റ്റിയാനോയുടെ വരവോടെ സോഷ്യല്‍ മീഡിയയില്‍ അല്‍ നസറിനോട് പരാജയപ്പെട്ട അഞ്ച് വമ്പന്‍ ടീമുകള്‍.

ഒളിമ്പിക് മാര്‍സിലെ – ലീഗ് വണ്‍ (ഫ്രാന്‍സ്)

ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിലെ ഒളിമ്പിക് മാര്‍സിലെ ക്രിസ്റ്റ്യാനോയുടെ വരവിന് പിന്നാലെ അല്‍ നസറിന് മുമ്പില്‍ വീണിരിക്കുകയാണ്. ഏറെ പാരമ്പര്യമുള്ള ടീമിന് പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ 2.6 മില്യണ്‍ മാത്രമാണ് ഫോളോവേഴ്‌സുള്ളത്.

എവര്‍ട്ടണ്‍ – പ്രീമിയര്‍ ലീഗ് (ഇംഗ്ലണ്ട്)

പ്രീമിയര്‍ ലീഗിലെ ഏറ്റവും റെസ്‌പെക്റ്റഡായ ടീമികളിലൊന്നാണ് എവര്‍ട്ടണ്‍. ലിവര്‍പൂളിന്റെ ചിരവൈരികളായ എവര്‍ട്ടണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അല്‍ നസറിന് മുമ്പില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. 2.8 മില്യണ്‍ ആളുകളാണ് എവര്‍ട്ടണെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്.

നാപ്പോളി – സീരി എ (ഇറ്റലി)

സീരി എയിലെ സൂപ്പര്‍ ടീമുകളൊന്നാണ് നാപ്പോളി. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കളിച്ച് താര പദവിയിലേക്കുയര്‍ത്തിയ ക്ലബ്ബിന് പക്ഷേ ഇന്‍സ്റ്റ്ഗ്രാമില്‍ ഹോള്‍ഡ് കുറവാണ്. 3.3 മില്യണ്‍ ആളുകള്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ നാപ്പോളിയെ പിന്തുടരുന്നത്.

അയാക്‌സ് – ഇറെഡിവിസി (നെതര്‍ലന്‍ഡ്‌സ്)

അയാക്‌സിന്റെ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ കാണാന്‍ തന്നെ ഒരു ചന്തമാണ്, കാരണം അയാക്‌സിന്റെ ആരാധകര്‍ തന്നെ. ചാന്റുകള്‍ മുഴക്കിയും ബാന്‍ഡടിച്ചും ഫ്‌ളയറുകള്‍ കത്തിച്ചും അവര്‍ സ്റ്റേഡിയത്തെയൊന്നാകെ ഉത്സവാന്തരീക്ഷത്തിലേക്കെത്തിക്കാറുണ്ട്. പല തവണ ചാമ്പ്യന്‍മാരായ അയാക്‌സിന് തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ആരാധക കൂട്ടങ്ങളിലൊന്ന് ഉള്ളത്.

എന്നാല്‍ റൊണാള്‍ഡോയുടെ വരവോടെ ആ ഫാന്‍ബേസിനെ കടത്തിവെട്ടിയിരിക്കുകയാണ് അല്‍ നസര്‍. നിലവില്‍ 7.9 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

ഇന്റര്‍ മിലാന്‍ – സീരി എ (ഇറ്റലി)

ലോകത്തിലെ തന്ന ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ് ഇറ്റാലിയന്‍ ജയന്റ്‌സായ ഇന്റര്‍ മിലാന്‍. 19 തവണ ഇറ്റലിയുടെ നെറുകയിലെത്തിയ ഇന്ററിന് റൊണാള്‍ഡോയുടെ വരവിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ അല്‍ നസറിന് മുമ്പില്‍ തോല്‍ക്കാനായിരുന്നു വിധി. നിലവില്‍ 8.8 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്ററിനുള്ളത്.

Content highlight: Al Nassr surpasses legendary clubs in terms of Instagram followers

Video Stories