അര്‍ജന്റീനന്‍ വേള്‍ഡ് കപ്പ് ഹീറോ എമിലിയാനോ മാര്‍ട്ടിനസിനെ സൗദി വമ്പന്‍മാരായ അല്‍ നസര്‍ ഈ സമ്മറില്‍ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ അല്‍ നസറിന്റെ ഗോള്‍ കീപ്പറായ ഡേവിഡ് ഓസ്പിനക്ക് പകരമാണ് എമിലിയാനോയെ സൗദി വമ്പന്മാര്‍ നോട്ടമിട്ടിരിക്കുന്നത് എന്നാണ് ക്യാച്ച് ഓഫ്‌സൈഡിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
2022 ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന നേടിയതില്‍ നിര്‍ണായക പങ്കു വഹിച്ച താരമായിരുന്നു എമിലിയാനോ മാര്‍ട്ടിനസ്. ഈ സീസണില്‍ ആസ്റ്റണ്‍ വില്ലയെ ചാമ്പ്യന്‍സ് ലീഗിന്റെ കളിത്തട്ടിലേക്ക് കൈപിടിച്ചു കൊണ്ടുപോവാനും എമിലിയാനോക്ക് സാധിച്ചിരുന്നു. ഈ സീസണില്‍ ആസ്റ്റണ്‍ വില്ലക്കൊപ്പം 45 മത്സരങ്ങളില്‍ നിന്നും 15 ക്ലീന്‍ ഷീറ്റുകളാണ് താരം സ്വന്തമാക്കിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്സനെയും അല്‍ നസര്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം എഡേഴ്സണ്‍ സ്വന്തമാക്കിയിരുന്നു.
ഗ്വാർഡിയോളയുടെയും സംഘത്തിന്റെയും തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് കിരീടമായിരുന്നു ഇത്. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം 43 മത്സരങ്ങളില്‍ നിന്നും 16 ക്ലീന്‍ ഷീറ്റുകളാണ് ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ നേടിയിട്ടുള്ളത്.
അതേസമയം ഡേവിഡ് ഓസ്പിന ഈ സമ്മറോടുകൂടി ഒരു ഫ്രീ ഏജന്റായി അല്‍ നസര്‍ വിടാന്‍ ഒരുങ്ങുകയാണ്. ഈ സീസണില്‍ ഓസ്പിന 15 മത്സരങ്ങളില്‍ നിന്ന് അഞ്ച് ക്ലീന്‍ ഷീറ്റുകളാണ് നേടിയിട്ടുള്ളത്.
സൗദി ലീഗിൽ ഈ സീസണില്‍ 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാലു വീതം സമനിലയും തോല്‍വിയുമായി 82 അല്‍ നസര്‍ ഫിനിഷ് ചെയ്തിരുന്നത്. എമിലിയാനോ മാര്‍ട്ടിനസോ സൗദിയില്‍ എത്തിയാല്‍ വരും സീസണുകളില്‍ അല്‍ നസറിന്റെ കിരീട പ്രതീക്ഷകള്‍ കൂടുതല്‍ ശക്തമായി മാറുമെന്ന് ഉറപ്പാണ്.
Content Highlight: Al Nassr Summer Transfer Rumours