റൊണാള്‍ഡോയേക്കാള്‍ മുമ്പ് ടീമിലെത്തിയ സൂപ്പര്‍ താരം പുറത്ത്, അല്‍ നസറിന് വമ്പന്‍ തിരിച്ചടി
Sports News
റൊണാള്‍ഡോയേക്കാള്‍ മുമ്പ് ടീമിലെത്തിയ സൂപ്പര്‍ താരം പുറത്ത്, അല്‍ നസറിന് വമ്പന്‍ തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th September 2024, 10:07 pm

 

ലീഗ് ഘട്ട മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന അല്‍ നസറിന് വമ്പന്‍ തിരിച്ചടി. അല്‍ നസറിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം ആന്‍ഡേഴ്‌സണ്‍ ടാലിസ്‌ക പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ക്ലബ്ബ് തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്.

ടാലിസ്‌കക്ക് മസില്‍ ഇന്‍ജുറിയുണ്ടെന്നും വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ എത്ര കാലം താരത്തിന് വിശ്രമം വേണ്ടി വരുമെന്ന കാര്യം അറിയുകയുള്ളൂവെന്നും അല്‍ നസര്‍ വ്യക്തമാക്കുന്നു.

റൊണാള്‍ഡോക്കൊപ്പം തന്നെ അല്‍ നസറിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന താരമാണ് ടാലിസ്‌ക. ഗോളടിച്ചും ഗോളടിപ്പിച്ചും ടീമിനെ മുന്നോട്ട് നയിക്കുന്ന ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍, റൊണാള്‍ഡോക്ക് മുമ്പേ അല്‍ നസറിന്റെ ഭാഗമായ ഹൈ പ്രൊഫൈല്‍ താരമാണ്.

കളിക്കളത്തില്‍ റൊണാള്‍ഡോയുടെയും ടാലിസ്‌കയുടെയും കെമിസ്ട്രി അപാരമായിരുന്നു. ഇപ്പോള്‍ ടാലിസ്‌കയുടെ അഭാവം പരിക്കില്‍ നിന്നും മടങ്ങിയെത്തുന്ന റൊണാള്‍ഡോയുടെ പ്രകടനത്തിലും പ്രതിഫലിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസം അല്‍ ഹസമിനെതിരെ നടന്ന കിങ്‌സ് കപ്പ് ഓഫ് ചാമ്പ്യന്‍സിന്റെ റൗണ്ട് 32ല്‍ ടാലിസ്‌ക പന്ത് തട്ടിയിരുന്നു. പരിക്കേറ്റ റൊണാള്‍ഡോയുടെ അഭാവത്തില്‍ സൗദിയോ മാനേക്കൊപ്പം ടാലിസ്‌കയാണ് ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച നല്‍കിയത്.

എന്നാല്‍ മത്സരശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ താരത്തിന് ചികിത്സ നല്‍കുകയായിരുന്നു.

അതേസമയം, അല്‍ ഹസമിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് അല്‍ നസര്‍ വിജയിച്ചിരുന്നു. അധികസമയത്തില്‍ നേടിയ ഗോളാണ് അല്‍ നസറിനെ വിജയത്തിലേക്ക് നയിച്ചത്.

ആദ്യ പകുതിയുടെ ആഡ് ഓണ്‍ സമയത്ത് സാദിയോ മാനേ നേടിയ ഗോളിന്റെ കരുത്തിലാണ് അല്‍ നസര്‍ രണ്ടാം പകുതിയിലേക്ക് കടന്നത്. എന്നാല്‍ 62ാം മിനിട്ടില്‍ അല്‍ ഹസമിനായി ബേസില്‍ യൂസഫ് അല്‍സായലി ഗോള്‍ മടക്കിയതോടെ മത്സരം കൂടുതല്‍ ടൈറ്റ് ആയി.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ നവാഫ് ബൗഷാല്‍ അല്‍ അലാമിയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 27ന് സൗദി പ്രോ ലീഗിലാണ് അല്‍ നസറിന് അടുത്ത മത്സരം കളിക്കാനുള്ളത്. അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ വേദയാണ് എതിരാളികള്‍.

 

Content Highlight: Al Nassr star Anderson Talisca injured