ആഫ്രിക്കൻ, യൂറോപ്യൻ ഗോൾഡൻ ബൂട്ട് ജേതാക്കളെ 'പൊക്കി' അൽ നസർ; അടുത്തതാരെന്ന് ആരാധകർ
football news
ആഫ്രിക്കൻ, യൂറോപ്യൻ ഗോൾഡൻ ബൂട്ട് ജേതാക്കളെ 'പൊക്കി' അൽ നസർ; അടുത്തതാരെന്ന് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd January 2023, 2:23 pm

ഒടുവിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് റൊണാൾഡോ എവിടെ കളിക്കുമെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. സാക്ഷാൽ റൊണാൾഡോ ഇനി സൗദി അറേബ്യൻ മണ്ണിലാണ് കളിക്കുക. അൽ നസർ ക്ലബ്ബുമായി 200 മില്യൺ യൂറോയുടെ കരാറിലാണ് താരം ഒപ്പ് വെച്ചിരിക്കുന്നത്.

2025 വരെ താരത്തിന് ക്ലബ്ബുമായി കരാർ ഉണ്ടാകും. കളിക്കാരെന്ന നിലയിൽ വിരമിച്ച ശേഷം പരിശീലകനായി ക്ലബ്ബിൽ തുടരാനും റൊണാൾഡോക്ക് അൽ നസർ ഓഫർ നൽകിയിട്ടുണ്ട്.

എന്നാലിപ്പോൾ സൗദി പ്രോ ലീഗ് പോലെ താരതമ്യേന ചെറിയ ലീഗിൽ കളിക്കുന്ന അൽ നസറിന്റെ മുന്നേറ്റ നിര കണ്ട് അമ്പരക്കുകയാണ് ഫുട്ബോൾ ലോകം. രണ്ട് ഭൂഖണ്ഡങ്ങളിലെ ഗോളടിവീരൻ മാരാണ് അൽ നസറിന്റെ മുന്നേറ്റത്തെ നയിക്കുന്നത്.

2020ലെ യൂറോകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായ റൊണാൾഡോയും 2021ലെ ആഫ്രിക്കൻ കപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായ വിൻസന്റ് അബൂബക്കറുമാണ് അൽ നസറിന്റെ മുന്നേറ്റ നിരയെ നയിക്കുക.

2020 യൂറോകപ്പിൽ നിന്നും അഞ്ച് ഗോളുകളും ഒരു അസിസ്റ്റുമാണ് റൊണാൾഡോ സ്വന്തമാക്കിയത്.2021 ആഫ്രിക്കൻ കപ്പിൽ എട്ട് ഗോളുകളാണ് കാമറൂണിനായി വിൻസെന്റ് അബൂബക്കർ സ്വന്തമാക്കിയത്.

നിലവിൽ സൗദി അറേബ്യൻ പ്രോ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. 2019-2020 സീസണിന് ശേഷം ലീഗ് ടൈറ്റിൽ നേടാനോ, ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനോ സാധിക്കാതിരുന്ന ടീമിനെ ലീഗ് ജേതാക്കളും ചാമ്പ്യൻസ് ലീഗ് ജേതാക്കളുമാക്കാനുള്ള ശ്രമം തങ്ങൾ തുടങ്ങി കഴിഞ്ഞതായി അൽ നസർ മാനേജ്മെന്റ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ റൊണാൾഡോക്ക് അൽ നസറിൽ ഉടൻ കളിക്കാൻ സാധിക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് താരം ഒരു ആരാധകനോട് മോശമായി പെരുമാറിയിരുന്നു. എവർട്ടണ് എതിരായ മത്സരത്തിലായിരുന്നു സംഭവം.

14കാരനായ ആരാധകനോട് റോണോ മോശമായി പെരുമാറുകയും ഫോൺ തട്ടി മാറ്റുകയും ചെയ്തിരുന്നു. ഇതിൽ അന്വേഷണം ആരംഭിച്ച ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ റോണോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും റൊണാൾഡോക്ക് 50000 പൗണ്ട് പിഴയും 2 മത്സരങ്ങളിൽ നിന്ന് വിലക്കും ഏർപ്പെടുത്തിയിരുന്നു.

താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും പുറത്ത് വന്നിരുന്നു. എന്നാലും ഇനി കളിക്കുന്ന ഏത് ലീഗിലെയും ആദ്യ രണ്ട് മത്സരങ്ങൾക്ക് ഈ വിലക്ക് ബാധകമാകും.

ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ റൂൾ മൂന്ന് അനുസരിച്ചാണ് ഈ വിലക്ക് ബാധകമാവുക.
അത് കൊണ്ട് തന്നെ അൽ നസറിന് വേണ്ടി ജനുവരിയിൽ നടക്കുന്ന ആദ്യ രണ്ട് ലീഗ് മത്സരങ്ങൾ കളിക്കാൻ താരത്തിന് സാധിക്കില്ല.


ഇതോടെ ജനുവരി 21ന് ഇത്തിഫാക്കിനെതിരെയുള്ള മത്സരത്തിലാകും താരം സൗദിയിൽ അരങ്ങേറ്റം കുറിക്കുക.

 

Content Highlights:Al Nassr signed African and European Golden Boot winners; Fans said who are next