| Thursday, 18th July 2024, 1:52 pm

റൊണാൾഡോയുടെ അൽ നസർ ഇനി ഡബിൾ സ്ട്രോങ്ങ്; ചെൽസി നോട്ടമിട്ട ബ്രസീലുകാരനെ റാഞ്ചി

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ യുവ ഗോള്‍കീപ്പര്‍ ബെന്റോയെ സ്വന്തമാക്കി സൗദി വമ്പന്‍മാരായ അല്‍ നസര്‍. 18 മില്യണ്‍ യൂറോക്ക് ആണ് താരത്തെ അല്‍ നസര്‍ സൗദിയില്‍ എത്തിച്ചത്. നാല് വര്‍ഷത്തെ കരാറിലാണ് താരത്തെ അൽ നസർ സ്വന്തമാക്കിയത്.

ബെന്‍ഡോയെ സ്വന്തമാക്കാന്‍ ആയി ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയും ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനും ശക്തമായ മത്സരമായിരുന്നു നടത്തിയിരുന്നത്.

ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് അല്‍ നസര്‍ ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കിയത്. പ്രമുഖ സ്‌പോര്‍ട്‌സ് ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ചെല്‍സിയുടെ ഈ സീസണിലെ ഫസ്റ്റ് ചോയ്‌സ് ഗോള്‍കീപ്പര്‍ ആരാണെന്നുള്ള അനിശ്ചിതത്വം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റോബര്‍ട്ട് സാഞ്ചസും ജോര്‍ഡ്‌ജെ പെട്രോവിച്ചുമാണ് നിലവില്‍ ടീമിന്റെ ഗോള്‍കീപ്പര്‍മാരായുള്ളത്.

ഈ സാഹചര്യത്തില്‍ ബ്രസീലിയന്‍ താരത്തെ കൂടി ടീമിലെത്തിച്ചുകൊണ്ട് കൂടെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാമെന്നുള്ള ചെല്‍സിയുടെ ലക്ഷ്യം കൂടിയാണ് അല്‍ നസറിന്റെ ഈ നീക്കത്തിലൂടെ അവസാനിച്ചിരിക്കുന്നത്.

ബ്രസീലിയന്‍ ക്ലബ്ബായ അത്ലറ്റികോ പി.ആറില്‍ നിന്നുമാണ് താരം അല്‍ നസറിലേക്ക് ചേക്കേറിയത്. ബ്രസീലിയന്‍ ക്ലബ്ബിനൊപ്പം 164 മത്സരങ്ങളില്‍ കളത്തില്‍ ഇറങ്ങിയ ബെന്റോ 59 ക്ലീന്‍ ഷീറ്റുകളാണ് സ്വന്തം പേരിലാക്കി മാറ്റിയിട്ടുള്ളത്.

ഇത്ര ചെറിയ പ്രായത്തില്‍ തന്നെ സൗദി പ്രോ ലീഗ് ക്ലബ്ബ് തെരഞ്ഞെടുത്ത താരത്തിന്റെ ഈ തീരുമാനത്തെ പലരും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ ഒന്നായ ചെല്‍സി പോലൊരു ക്ലബ്ബില്‍ നിന്നും മികച്ച ഓഫര്‍ ഉണ്ടായിട്ടും താരം അൽ നാസര്‍ തെരഞ്ഞെടുത്തത് ഏറെ ശ്രദ്ധേയമാണ്.

അതേസമയം അല്‍ നസറിന് കഴിഞ്ഞ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. ലൂയിസ് കാസ്‌ട്രോയുടെ കീഴില്‍ സൗദി പ്രോ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടിയെടുക്കാന്‍ അല്‍ നസറിന് സാധിച്ചിരുന്നില്ല.

34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാല് വീതം തോല്‍വിയും സമനിലയുമായി രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസര്‍ ഫിനിഷ് ചെയ്തിരുന്നത്.

Content Highlight: Al Nassr Sign Brazil Goal Keepar Bento

We use cookies to give you the best possible experience. Learn more