ബ്രസീല്‍ സൂപ്പര്‍ താരം ആന്‍ഡേഴ്‌സണ്‍ ടാലിസ്‌കയുടെ കരാര്‍ ടെര്‍മിനേറ്റ് ചെയ്യാന്‍ അല്‍ നസര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് ജനിച്ച താരങ്ങളെ സംബന്ധിക്കുന്ന നിയമം കാരണമാണ് ടാലിസ്‌കയുടെ കരാര്‍ അവസാനിപ്പിക്കാന്‍ ടീം ഒരുങ്ങുന്നതെന്ന് പ്രമുഖ കായികമാധ്യമമായ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമില്‍ അഞ്ച് നോണ്‍ ഏഷ്യന്‍ താരങ്ങളെ മാത്രമേ കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ഏഷ്യന്‍ കോണ്‍ഫെഡറേഷന്റെ നിയമമാണ് താരത്തിന് വിലങ്ങുതടിയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മാര്‍സെലോ ബ്രോസോവിക്, സാദിയോ മാനെ, സെകോ ഫൊഫാന, അലക്‌സ് ടെല്ലസ് എന്നിവരെയായിരിക്കും അല്‍ നസര്‍ പരിഗണിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതകള്‍ കല്‍പിക്കുന്നത്.
ഏപ്രിലില്‍ ടാലിസ്‌ക അല്‍ നസറുമായി പുതിയ കരാറിലെത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാവി നിലവില്‍ ത്രിശങ്കുവിലാണ്.
താരം ടര്‍ക്കിഷ് ക്ലബ്ബായ ബെസിക്ടസുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലവത്തായിരുന്നില്ല. താരത്തിന്റെ വേതനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണിത്.
2021ലാണ് താരം സൗദി പ്രോ ലീഗിലെത്തുന്നത്. ചൈനീസ് ടീമായ ഗ്വാസ് എഫ്.സിയില്‍ നിന്നാണ് അദ്ദേഹം മിര്‍സൂല്‍ പാര്‍ക്കിലെത്തുന്നത്. ശേഷം ടീമിന് വേണ്ടി ബൂട്ടുകെട്ടിയ 67 മത്സരത്തില്‍ നിന്നും 44 ഗോളും എട്ട് അസിസ്റ്റുകളും തന്റെ പേരിലാക്കിയിട്ടുണ്ട്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിലെത്തിയതിന് പിന്നാലെ മുന്നേറ്റ നിരയില്‍ മികച്ച കെമിസ്ട്രിയായിരുന്നു ഇരുവര്‍ക്കും ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ 21 ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.
ചൊവ്വാഴ്ചയാണ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ പ്ലേ ഓഫ് മത്സരം. ഷബാബ് അല്‍ ആഹ്‌ലിയാണ് അല്‍ നസറിന്റെ എതിരാളികള്‍.
അതേസമയം, പുതിയ സീസണില്‍ അല്‍ നസറിന്റെ സ്ഥിതി അത്രകണ്ട് മികച്ചതല്ല. കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട അല്‍ നസര്‍ 15ാം സ്ഥാനത്താണ്. ഓഗസ്റ്റ് 14ന് അല്‍ ഇത്തിഫാഖിനോട് 2-1ന് പരാജയപ്പെട്ട അല്‍ നസര്‍ ഓഗസ്റ്റ് 18ന് അല്‍ താവൂനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെട്ടിരുന്നു.
ആഗസ്റ്റ് 25നാണ് സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള അല്‍ ഫത്തേ ആണ് എതിരാളികള്‍.
Content highlight: Al Nassr reportedly contemplating terminating Anderson Talisca’s contract