'ഇത് എന്തോന്നടേയ്... ചാമ്പ്യന്‍സ് ലീഗ് നടക്കുന്ന സ്‌റ്റേഡിയമോ അതോ കണ്ടമോ'; തലകുനിച്ച് ഹോം ടീം
Sports News
'ഇത് എന്തോന്നടേയ്... ചാമ്പ്യന്‍സ് ലീഗ് നടക്കുന്ന സ്‌റ്റേഡിയമോ അതോ കണ്ടമോ'; തലകുനിച്ച് ഹോം ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th September 2023, 3:14 pm

കഴിഞ്ഞ ദിവസമായിരുന്നു എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസര്‍ ഇറാനിയന്‍ ക്ലബ്ബായ പെര്‍സപൊലിസുമായി ഏറ്റുമുട്ടിയത്. പെര്‍സപൊലിസിന്റെ ഹോം ഗ്രൗണ്ടായ ആസാദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസര്‍ വിജയിച്ചത്.

മത്സര ശേഷം അല്‍ നസര്‍ താരങ്ങള്‍ ഗ്രൗണ്ടിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ കാര്യങ്ങല്‍ വെളിപ്പെടുത്തുകയാണ് പെര്‍സപൊലിസ് വിങ്ങറായ ഒമിദ് അലിഷാ.

മത്സരത്തിന് മുമ്പ് തന്നെ ഗ്രൗണ്ടിന്റെ അവസ്ഥ വെളിവാക്കുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. നിറയെ പാച്ചുകളുമായി മോശം അവസ്ഥയിലായിരുന്നു പിച്ച്. ഗ്രൗണ്ട് തങ്ങള്‍ ശരിയായ രീതിയില്‍ അറ്റകുറ്റ പണി നടത്തിയെന്ന ഉത്തരവാദിത്തപ്പെട്ട കമ്പനിയുടെ വാദങ്ങളെ പൊളിക്കുന്ന തരത്തിലായിരുന്നു പിച്ച് ഉണ്ടായിരുന്നത്.

ക്രിസ്റ്റ്യാനോ അടക്കമുള്ള താരങ്ങള്‍ക്ക് പരിക്കേല്‍ക്കേണ്ടി വരുമോ എന്നതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് അല്‍ നസര്‍ താരങ്ങള്‍ പിച്ചിന്റെ അവസ്ഥയെ കുറിച്ച് പെര്‍സപൊലിസ് താരങ്ങളുമായി സംസാരിച്ചത്. ഈ അനുഭവമാണ് സ്‌പോര്‍ടിലൂടെ അലിഷാ പങ്കുവെച്ചത്.

‘അല്‍ നസറിനെ പോലെ ഒരു വലിയ ടീമിനെ ഇതുപോലെ ഒരു പിച്ചില്‍ നേരിടേണ്ടി വന്നത് ഞങ്ങള്‍ക്ക് തന്നെ ലജ്ജാകരമാണ്. ഇതൊരു സ്റ്റേഡിയമാണോ അതോ ഫാം ആണോ എന്നാണ് അല്‍ നസര്‍ താരങ്ങള്‍ ഞങ്ങളോട് ചോദിച്ചത്,’ അലിഷാ പറഞ്ഞു.

ഈ ഗ്രൗണ്ടില്‍ തന്നെയായിരുന്നു മത്സരം നടന്നത്. ഒരു താരത്തിനും പരിക്കേല്‍ക്കാതെ മത്സരം അവസാനിക്കുകയും ചെയ്തു.

അതേസമയം, അല്‍ നസറിനെതിരായ മത്സരത്തില്‍ രണ്ട് ഗോളാണ് ഹോം ടീമിന് വഴങ്ങേണ്ടി വന്നത്. അല്‍ അലാമിക്കായി മുഹമ്മദ് കാസിം ഒരു ഗോള്‍ നേടിയപ്പോള്‍ ഒരു സെല്‍ഫ് ഗോളും അല്‍ നസറിന്റെ വലയിലെത്തി.

മത്സരത്തിന്റെ 62ാം മിനിട്ടില്‍ ഡാനിയല്‍ എസ്മൈലിഫറിന്റെ സെല്‍ഫ് ഗോളിലൂടെ അല്‍ നസര്‍ ലീഡ് നേടി. ആദ്യ ഗോള്‍ വീണ് കൃത്യം പത്താം മിനിട്ടില്‍ മുഹമ്മദ് കാസിം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി.

ഈ വിജയത്തിന് പിന്നാലെ കരിയറില്‍ തോല്‍വിയറിയാത്ത 1,000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും റൊണാള്‍ഡോക്ക് സാധിച്ചു. 776 വിജയവും 224 സമനിലയുമാണ് റൊണാള്‍ഡോ കരിയറില്‍ നേടിയത്.

 

ഒക്ടോബര്‍ രണ്ടിനാണ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. ഇസ്തിക്ലോലാണ് എതിരാളികള്‍.

 

Content highlight:  Al-Nassr reacted to ground condition for AFC Champions League game