കഴിഞ്ഞ ദിവസം യു.എ.ഇ ക്ലബ്ബായ ശബാബ് അല്‍ അഹ്‌ലിക്കെതിരായ മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് അല്‍ നസര്‍.
മത്സരം തോറ്റുവെന്നുറപ്പിച്ചിടത്ത് നിന്നായിരുന്നു അല്‍ നസര്‍ തകര്‍പ്പന് തിരിച്ചുവരവ് നടത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ മികച്ച വിജയങ്ങളിലൊന്നിനായിരുന്നു ചൊവ്വാഴ്ച രാത്രി റിയാദ് സാക്ഷ്യം വഹിച്ചത്. മത്സരം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ അല്‍ നസര്‍ 2-1ന് പിന്നിലായിരുന്നു. എന്നാല്‍ മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടി അല്‍ നസര്‍ ജയമുറപ്പിക്കുകയായിരുന്നു.
പ്രോ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അടിപതറിയ അല്‍ നസറിന് വലിയ ആത്മവിശ്വാസമായിരിക്കും ഈ വിജയം നല്‍കിയിട്ടുണ്ടാവുക. സൗദിയില്‍ നിന്നുള്ള അല്‍ ഹിലാല്‍, അല്‍ ഇത്തിഹാദ്, അല്‍ ഫൈഹ എന്നീ ക്ലബ്ബുകള്‍ നേരത്തെ തന്നെ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു.
മത്സരത്തിന്റെ 11ാം മിനിട്ടില്‍ ടാലിസ്‌കയുടെ ഗോളിലൂടെ അല്‍ നസര്‍ ലീഡ് നേടിയിരുന്നു. 18ാം മിനിട്ടില്‍ ശബാബ് അല്‍ അഹ്‌ലി താരം യഹ്യ അല്‍ ഗസാനിയുടെ ഗോള്‍ പിറന്നതോടെ മത്സരം സമനിലയിലായി. 46ാം മിനിട്ടില്‍ താരത്തിന്റെ രണ്ടാം ഗോള്‍ പിറന്നതോടെ യു.എ.ഇ ക്ലബ്ബ് ഒരു ഗോളിന് മുന്നിലായി.
തുടര്‍ന്ന് സ്‌കോര്‍ ചെയ്യാന്‍ അല്‍ നസര്‍ താരങ്ങള്‍ കിണഞ്ഞ പരിശ്രമിച്ചെങ്കിലും ശബാബ് ഡിഫന്‍ഡേഴ്‌സ് വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. ടാലിസ്‌കയുടെ ഇരട്ട ഗോളിന് പുറമെ സുല്‍ത്താന്‍ അല്‍ ഗന്നാം, മാഴ്‌സെലോ ബ്രോസോവിച്ച് എന്നീ താരങ്ങളാണ് അല്‍ നസറിനായി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍.
Content Highlights: Al Nassr qualifies for Asian Champions league group stage