റൊണാള്‍ഡോ ആരാണെന്ന് ശനിയാഴ്ചയറിയാം; ചിരവൈരികള്‍ക്കെതിരെ കിരീടത്തിന്
Sports News
റൊണാള്‍ഡോ ആരാണെന്ന് ശനിയാഴ്ചയറിയാം; ചിരവൈരികള്‍ക്കെതിരെ കിരീടത്തിന്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th August 2024, 6:59 pm

സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് അല്‍ നസര്‍. കഴിഞ്ഞ ദിവസം അല്‍ താവൂനെതിരെ നടന്ന രണ്ടാം സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസര്‍ വിജയിച്ചുകയറിയത്.

പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ യെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനിലാണ് അല്‍ നസര്‍ കളത്തിലിറങ്ങിയത്. മറുവശത്ത് അല്‍ താവൂനാകട്ടെ 4-1-4-1 എന്ന ശൈലിയിലും പടയാളികളെ കളത്തിലിറക്കി.

ആദ്യ വിസില്‍ മുഴങ്ങി മൂന്നാം മിനിട്ടില്‍ തന്നെ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. താവൂന്‍ താരം ഫഹദ് അല്‍ ജുമായക്കെതിരെയാണ് റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്.

അധികം വൈകാതെ അല്‍ നസര്‍ മത്സരത്തില്‍ ലീഡ് നേടി. മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ സാദിയോ മാനെയും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒരുക്കിയ അവസരത്തില്‍ അയ്മാന്‍ യഹ്യ ലക്ഷ്യം കണ്ടു.

തുടര്‍ന്ന് ഗോള്‍ മടക്കാന്‍ അല്‍ താവൂനും ലീഡ് ഇരട്ടിയാക്കാന്‍ അല്‍ നസറും പൊരുതിക്കളിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കുമായില്ല.

രണ്ടാം പകുതി ആരംഭിച്ച് 12ാം മിനിട്ടില്‍ അല്‍ നസര്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ടു. സുല്‍ത്താന്‍ അല്‍ ഘാനത്തിന്റെ അസിസ്റ്റില്‍ ഇത്തവണ ക്രിസ്റ്റ്യാനോ യാണ് ലക്ഷ്യം കണ്ടത്. സീസണില്‍ താരത്തിന്റെ ആദ്യ ഗോളാണിത്.

രണ്ടാം ഗോളും വീണതോടെ അല്‍ താവൂന്‍ കൂടുതല്‍ ഉണര്‍ന്നുകളിച്ചു. പക്ഷേ വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അല്‍ നസര്‍ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തു.

ഫൈനലില്‍ ചിര വൈരികളായ അല്‍ ഹിലാലാണ് എതിരാളികള്‍. അല്‍ ആഹ്‌ലി സൗദിയെ തോല്‍പിച്ചാണ് അല്‍ നസര്‍ ഫൈനലിലെത്തുന്നത്.

പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് അല്‍ ഹിലാല്‍ വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

റോബെര്‍ട്ടോ ഫിര്‍മീന്യോ 66ാം മിനിട്ടില്‍ നേടിയ ഗോളിന്റെ കരുത്തില്‍ അല്‍ ആഹ്‌ലി വിജയത്തിലേക്ക് കുതിക്കവെ 90ാം മിനിട്ടില്‍ അലക്‌സാണ്ടര്‍ മെട്രോവിച്ചിലൂടെ അല്‍ ഹിലാല്‍ സമനില പിടിച്ചുവാങ്ങി.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ യാസിന്‍ ബൂണോയുടെ ചോരാത്ത കൈകള്‍ അല്‍ ഹിലാലിന് തുണയായി.

ആഗസ്റ്റ് 17നാണ് സൗദി സൂപ്പര്‍ കപ്പ് ഫൈനല്‍ മത്സരം. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയം തന്നെയാണ് വേദി. കഴിഞ്ഞ തവണ അല്‍ ഹിലാലിനോട് സെമിയില്‍ പരാജയപ്പെട്ടതിന്റെ കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഈ ഫൈനല്‍.

 

Content highlight: Al Nassr qualified to the final of Saudi Super Cup