| Tuesday, 12th December 2023, 9:57 am

ഷബാബിനെ ഗോളില്‍ മുക്കി റൊണാള്‍ഡോയുടെ അല്‍ നസര്‍; അഞ്ചടിച്ച് മൊഞ്ചോടെ സെമിയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കിങ്‌സ് കപ്പ് ഓഫ് ചാമ്പ്യന്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അല്‍ ഷബാബിനെ പരാജയപ്പെടുത്തി സൗദി വമ്പന്‍മാരായ അല്‍ നസര്‍. ഷബാബിന്റെ സ്വന്തം തട്ടകമായ അല് ഷബാബ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോള്‍ നേടിയാണ് അല്‍ നസര്‍ സെമിയില്‍ പ്രവേശിച്ചത്.

മത്സരത്തിന്റെ സിംഹഭാഗവും കളി അല്‍ നസറിന്റെ വരുതിയില്‍ തന്നെയായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളിലും പുലര്‍ത്തിയ അതേ ഡൊമിനനന്‍സ് ഗോളടിക്കുന്നതിലും തുടര്‍ന്നപ്പോള്‍ അല്‍ അലാമി മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ വിജയിച്ചുകയറി.

12ാം മിനിട്ടില്‍ മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്താന്‍ അല്‍ നസറിന് അവസരമുണ്ടായിരുന്നു. സെക്കോ ഫൊഫാനയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് റൊണാള്‍ഡോ വലയിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഷബാബ് ഗോള്‍ കീപ്പര്‍ തകര്‍പ്പന്‍ സേവിലൂടെ അപകടമൊഴിവാക്കി.

15ാം മിനിട്ടില്‍ മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്താനുള്ള ശ്രമം അല്‍ ഷബാബ് പാഴാക്കി. ഷബാബ് താരം യാനിക് കരാസ്‌കോയെ അബ്ദുറഹ്‌മാന്‍ ഗാരിബ് ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി താരം പാഴാക്കി.

മത്സരത്തിന്റെ 17ാം മിനിട്ടില്‍ സെക്കോ ഫൊഫാനയിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. സാദിയോ മാനേയുടെ ഷോട്ട് ഷബാബ് ഗോള്‍ കീപ്പര്‍ തടുത്തിട്ടെങ്കിലും സെക്കന്‍ഡ് ചാന്‍സില്‍ ഫൊഫാന വലകുലുക്കി.

ഗോള്‍ വഴങ്ങി കൃത്യം ഏഴാം മിനിട്ടില്‍ ഷബാബ് തിരിച്ചടിച്ചു. ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ കാര്‍ലോസ് ഷബാബിനായി ഗോള്‍ നേടി. കോര്‍ണറില്‍ നിന്നും പറന്നിറങ്ങിയ പന്തില്‍ കൃത്യമായ തലവെച്ചാണ് താരം ഗോള്‍ നേടിയത്.

24ാം മിനിട്ടില്‍ സമനില വഴങ്ങേണ്ടി വന്നെങ്കിലും 28ാം മിനിട്ടില്‍ സാദിയോ മാനേ വീണ്ടും മഞ്ഞക്കുപ്പായക്കാര്‍ക്ക് ലീഡ് നല്‍കി.

ആദ്യ പകുതിയുടെ അധിക സമയത്തില്‍ അബ്ദുറഹ്‌മാന്‍ ഗാരിബ് വീണ്ടും അല്‍ നസറിനായി വലകുലുക്കി. ഇതോടെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ 1-3ന് അല്‍ നസര്‍ ആധിപത്യമുറപ്പിച്ചു.

രണ്ടാം പകുതിയില്‍ റൊണാള്‍ഡോയിലുടെ അല്‍ നസര്‍ വീണ്ടും ഗോള്‍ നേടി. റൊണാള്‍ഡോ – ഒട്ടാവിയോ കൂട്ടുകെട്ടില്‍ പിറന്ന ഗോളില്‍ അല്‍ നസറിന്റെ ലീഡ് വീണ്ടും ഉയര്‍ന്നു.

90ാം മിനിട്ടില്‍ ഷബാബ് തങ്ങളുടെ രണ്ടാം ഗോള്‍ നേടി. കരാസ്‌കോയുടെ ഷോട്ട് അല്‍ നസര്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടെങ്കിലും പന്ത് വീണ്ടെടുത്ത ഹാട്ടന്‍ ബെബ്രി ഗോള്‍വല കുലുക്കി.

90+6 മിനിട്ടില്‍ മറാനിലൂടെ അഞ്ചാം ഗോളും കണ്ടെത്തിയ അല്‍ നസര്‍ വിജയം പരിപൂര്‍ണമാക്കി.

Content Highlight: Al Nassr qualified for the semi final of King Cup Of Champions

We use cookies to give you the best possible experience. Learn more