'പ്രതിഫലത്തിന്റെയും ക്ലബ്ബ് ചട്ടങ്ങളുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ല'; റൊണാള്‍ഡോ അല്‍ നസറില്‍ പറഞ്ഞത്; റിപ്പോര്‍ട്ട്
Football
'പ്രതിഫലത്തിന്റെയും ക്ലബ്ബ് ചട്ടങ്ങളുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ല'; റൊണാള്‍ഡോ അല്‍ നസറില്‍ പറഞ്ഞത്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th January 2023, 3:48 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജനുവരി ആദ്യം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ സൈന്‍ ചെയ്യുകയായിരുന്നു. യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട റൊണാള്‍ഡോ ആദ്യമായാണ് മിഡില്‍ ഈസ്റ്റിന് വേണ്ടി ബൂട്ടുകെട്ടുന്നത്.

മോഹവില പ്രതിഫലം നല്‍കിയാണ് റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. യൂറോപ്പില്‍ സകലതും നേടിക്കഴിഞ്ഞ ശേഷമാണ് റൊണാള്‍ഡോ ഏഷ്യന്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെക്കുന്നത്. താരത്തിന്റെ വരവ് അല്‍ നസറിന് മാത്രമല്ല, ഏഷ്യന്‍ ഫുട്‌ബോളിന് തന്നെ നല്‍കുന്ന ഡ്രൈവിങ് ഫോഴ്‌സ് വളരെ വലുതായിരിക്കും.

താരത്തെ സൈന്‍ ചെയ്യിച്ചപ്പോള്‍ മുന്നോട്ടുവെച്ച ഡിമാന്‍ഡിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ അല്‍ നസര്‍ പ്രസിഡന്റ് മുസല്ലി അല്‍ മുഉമ്മര്‍.

പ്രതിഫലം കൃത്യമായിരിക്കണമെന്നും ക്ലബ്ബിലെ സഹതാരങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം തനിക്കും വേണമെന്ന് റൊണാള്‍ഡോ ആവശ്യപ്പെട്ടതായി അല്‍ നസര്‍ പ്രസിഡന്റ് പറഞ്ഞു. റൊണാള്‍ഡോ ഫുട്‌ബോളില്‍ മാത്രം ഒതുങ്ങില്ലെന്നും അല്‍ നസറിന്റെ ഭാവി പദ്ധതികളുടെ ഭാഗമായി അദ്ദേഹം മാറുമെന്നും മുസല്ലി അല്‍ മഅമ്മര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.


സൗദി ക്ലബുമായി കരാറിലെത്തിയതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നസര്‍ പ്രതിഫലമായി മാത്രം നല്‍കുക.

Content Highlights: Al Nassr presoident about Cristiano Ronaldo