സൗദി പ്രോ ലീഗിൽ റൊണാൾഡോയെ മുൻ നിർത്തി തങ്ങളുടെ ജൈത്ര യാത്ര തുടരുകയാണ് അൽ നസർ. ആറ് മത്സരങ്ങളിൽ നിന്നും രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ എട്ട് ഗോളുകൾ സ്വന്തമാക്കിയ റൊണാൾഡോയാണ് അൽ നസറിനെ മുന്നിൽ നിന്നും നയിക്കുന്നത്. നിലവിൽ പ്രോ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ.
എന്നാലിപ്പോൾ പ്രോ ലീഗ് ടൈറ്റിലും ഏഷ്യൻ ചാമ്പ്യൻസ് ലീഗും സ്വപ്നം കാണുന്ന അൽ നസർ ബാഴ്സലോണയുടെ ചങ്കിടിപ്പ് ഏറ്റിക്കൊണ്ട് ഒരു സൈനിങ് നടത്താൻ പോകുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അതിനായി ബ്ലാങ്ക് ചെക്ക് ക്ലബ്ബ് തയ്യാറാക്കിവെച്ചിട്ടുണ്ട് എന്ന വാർത്തകളാണിപ്പോൾ പുറത്ത് വരുന്നത്.
എൽ നാഷണലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിസ്റ്റൽ പാലസിന്റെ മുന്നേറ്റ നിര താരമായിരുന്ന വിൽഫ്രഡ് സാഹയെയാണ് ബാഴ്സ സൈൻ ചെയ്യാനായി ശ്രമം നടത്തിയിരുന്നത്.
ഈഗിൾസിനായി (ക്രിസ്റ്റൽ പാലസ്) 450 മത്സരങ്ങളിൽ നിന്നും 89 ഗോളുകളും 76 അസിസ്റ്റുകളും നേടിയ സാഹ ഈഗിൾസിന്റെ ഇതിഹാസ താരങ്ങളിലൊരാളായാണ് കണക്കാക്കപ്പെടുന്നത്.
ബാഴ്സയുടെ മുന്നേറ്റ നിരക്ക് കൂടുതൽ ശക്തി പകരാനും കൂടുതൽ വർക്ക് റേറ്റുള്ള താരങ്ങളെ ക്ലബ്ബിലെത്തിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബാഴ്സ സാഹയെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നത്.
എന്നാൽ ഈ സീസണിന്റെ അവസാനം ഫ്രീ ഏജന്റായി മാറുന്ന സാഹയെ റൊണാൾഡോക്ക് ശേഷമുള്ള ബിഗ് ടാർഗറ്റായാണ് അൽ നസർ കാണുന്നത് എന്നാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ താരത്തെ വാങ്ങാനായി ബ്ലാങ്ക് ചെക്ക് അൽ നസർ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എൽ നാഷണൽ പറയുന്നു.
30 വയസുള്ള സാഹയെ ടീമിലെത്തിക്കുന്നതോടെ ഏഷ്യയിലെ വമ്പൻ ടീമായി മാറാൻ അൽ നസറിന് സാധിക്കും എന്നാണ് ക്ലബ്ബ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
എന്നാൽ ഏത് പൊസിഷനിലും വിശ്വസിച്ച് കളിപ്പിക്കാവുന്ന സാഹ തന്റെ ക്ലബ്ബ് ട്രാൻസ്ഫർ സംബന്ധിച്ച വാർത്തകളോട് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
താരത്തെ വൻ തുക നൽകി ടീമിൽ നില നിർത്താനുള്ള സാമ്പത്തിക ശേഷി ഈഗിൾസിനുണ്ടോ എന്ന കാര്യവും സംശയത്തിലാണ്.
അതേസമയം 18 മത്സരങ്ങളിൽ 13ലും വിജയിച്ച് 43 പോയിന്റ് നേടിയാണ് അൽ നസർ പോയിന്റ് ടേബിളിൽ ഒന്നാമത് തുടരുന്നത്.