റൊണാൾഡോക്ക് കൂട്ടായി അൽ നസറിൽ എത്തിയാൽ പി.എസ്.ജിയിൽ നിന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ ഇരട്ടി തരും; സൂപ്പർ താരത്തോട് സൗദി ക്ലബ്ബ്
football news
റൊണാൾഡോക്ക് കൂട്ടായി അൽ നസറിൽ എത്തിയാൽ പി.എസ്.ജിയിൽ നിന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ ഇരട്ടി തരും; സൂപ്പർ താരത്തോട് സൗദി ക്ലബ്ബ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th January 2023, 10:44 pm

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചതിന് പിന്നാലെ ക്ലബ്ബിന്റെ ഓഹരിയിലും ബ്രാൻഡ് മൂല്യത്തിലുമുണ്ടായ വർധനയിൽ അമ്പരന്നിരിക്കുകയാണ് അൽ നസർ.

എണ്ണയിൽ നിന്നുള്ള വരുമാനത്തിന് പുറമേ ടൂറിസത്തിലും, ഫുട്ബോളിലും നിക്ഷേപം നടത്താനുള്ള സൗദിയുടെ തീരുമാനത്തിന് ശേഷം യൂറോപ്പിൽ നിന്നും ഇനിയും സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് അൽ നസറും അൽ ഹിലാലുമടക്കമുള്ള വമ്പൻ ക്ലബ്ബുകൾ.

റൊണാൾഡോക്കൊപ്പം സൂപ്പർ താരങ്ങളായ ലൂക്കാ മോഡ്രിച്ച്, സെർജിയോ റാമോസ് അടക്കമുള്ള വമ്പൻ താരങ്ങളെ ക്ലബ്ബിലെത്തിക്കാൻ അൽ നസർ ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

കൂടാതെ ജനുവരി അവസാനം അടയ്ക്കപ്പെടുന്ന ട്രാൻസ്ഫർ വിൻഡോയിൽ കൂടി പരമാവധി മികച്ച താരങ്ങളെ ടീമിലെത്തിക്കാനും സൗദി പ്രോ ലീഗിനെ കൂടുതൽ വിപുലമാക്കാനുമാണ് അൽ നസർ ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാലിപ്പോൾ മുമ്പ് പി.എസ്.ജിയിൽ നിന്നും തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാൻ അൽ നസർ ശ്രമിച്ച റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ സഹ താരമായിരുന്ന സെർജിയോ റാമോസിനെ കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്ത് വീണ്ടും തങ്ങളുടെ സ്‌ക്വാഡിൽ ചേർക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് അൽ നസർ എന്നാണ് എൽ നാസിയോണൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

പി.എസ്.ജിയിൽ നിന്നും റാമോസിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് ഇപ്പോൾ അൽ നസർ താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും കൂടാതെ പ്രതിഫലത്തിന് പുറമേ തങ്ങളുടെ പരസ്യങ്ങൾ ചെയ്യുന്നതിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി അധികം തുക റാമോസിന് നൽകാമെന്ന് അൽ നസർ വാഗ്ദാനം ചെയ്തതായും എൽ നാസിയോണലിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

റാമോസിനെ കൂടാതെ ബാഴ്സലോണയുടെ ഇതിഹാസ താരമായ സെർജിയോ ബുസ്ക്കറ്റ്സിനെയും 13 മില്യൺ യൂറോ പ്രതിഫലം നൽകി അൽ നസർ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി നേരത്തെ ഇ.എസ്.പി.എൻ റിപ്പോർട്ട്‌ ചെയ്തിരുന്നു.

എന്നാൽ അൽ നസറിൽ എത്തുന്നതുമായോ നിലവിൽ കളിക്കുന്ന ക്ലബ്ബിൽ നിന്നും മാറുന്നതുമായോ ബന്ധപ്പെട്ട് ഇരു താരങ്ങളും ഇത് വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

അതേസമയം സൗദി പ്രോ ലീഗിൽ പേര് രജിസ്റ്റർ ചെയ്തെങ്കിലും റൊണാൾഡോ ക്ലബ്ബിനായി ഇത് വരേക്കും അരങ്ങേറ്റ മത്സരം കളിച്ചിട്ടില്ല.

ജനുവരി 19ന് പി.എസ്.ജി യുമായി നടക്കുന്ന അൽ നസറിന്റെ സന്നാഹ മത്സരത്തിലാകും ക്ലബ്ബിന് വേണ്ടി റൊണാൾഡോ അരങ്ങേറ്റ മത്സരം കളിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Content Highlights:al nassr offer sergio ramos paid twice as much as PSG