| Sunday, 22nd September 2024, 10:33 am

ഫുട്ബോളിൽ മെസിയെക്കാൾ മികച്ച താരം അവനാണ്: അൽ നസർ പരിശീലകന്റെ വാക്കുകൾ ചർച്ചയാവുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഈ രണ്ട് താരങ്ങളിലും ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും ഫുട്ബോള്‍ സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇപ്പോള്‍ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം പറയുകയാണ് അല്‍ നസറിന്റെ പുതിയ പരിശീലകന്‍ സ്റ്റഫോനോ പിയോളി. മെസിയെ മറികടന്നുകൊണ്ട് റൊണാള്‍ഡോയെയാണ് ഏറ്റവും മികച്ച താരമായി അല്‍ നാസര്‍ പരിശീലകന്‍ തെരഞ്ഞെടുത്തത്. ജിയോ ന്യൂസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസിയെക്കാള്‍ മികച്ചവനാണെന്ന് ഞാന്‍ കരുതുന്നു. മത്സരങ്ങളെക്കാള്‍ കൂടുതല്‍ ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്,’ സ്റ്റെഫാനോ പിയോളി പറഞ്ഞു.

റൊണാള്‍ഡോ നിലവില്‍ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടനങ്ങളാണ് സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടി നടത്തുന്നത്. പുതിയ പരിശീലകന്‍ സ്റ്റെഫാനോയുടെ കീഴില്‍ ആദ്യ മത്സരത്തില്‍ അല്‍ നസര്‍ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. അല്‍ ഇത്തിഫാഖിനെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. ഈ മത്സരത്തില്‍ റൊണാള്‍ഡോ സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി ലക്ഷ്യം കണ്ടിരുന്നു.

നിലവില്‍ സൗദി പ്രോ ലീഗില്‍ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് വീതം വിജയവും സമനിലയുമായി എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് അല്‍ നസര്‍. കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ നാളെ അല്‍ ഹസാമിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയമാണ് വേദി.

അതേസമയം അടുത്തിടെ റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്.

സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.
900 ഗോളുകളല്ല ഫുട്ബോളില്‍ 1000 ഗോളുകള്‍ നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് റൊണാള്‍ഡോ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

Content Highlight: Al Nassr New Coach Talks About Cristaino Ronaldo

We use cookies to give you the best possible experience. Learn more