|

അല്‍ നസറിലേക്ക് റൊണാള്‍ഡോയുടെ പഴയ എതിരാളിയെത്തുന്നു; ഭാവി സുരക്ഷിതമാക്കാനൊരുങ്ങി ക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ സസറുമായി സൈന്‍ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഫുട്‌ബോള്‍ ആരാധകര്‍. ജനുവരിയിലാണ് താരം ക്ലബ്ബുമായി സൈനിങ് നടത്തിയത്.

റൊണാള്‍ഡോയുടെ പ്രവേശനം സൗദി അറേബ്യക്കും ഏഷ്യന്‍ ഫുട്‌ബോളിനും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ വന്‍ വരവേല്‍പ്പുകളാണ് സൗദി താരത്തിന് നല്‍കുന്നത്.

റൊണാള്‍ഡോയെ സൈന്‍ ചെയ്യിച്ചതിന് പിന്നാലെ ബാഴ്‌സലോണ താരവും എല്‍ ക്ലാസിക്കോയിലെ റോണോയുടെ പഴയ എതിരാളിയുമായ സെര്‍ജിയോ ബസ്‌കെറ്റ്‌സിനെ ക്ലബ്ബിലെത്തിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അല്‍ നസര്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 11.5 മില്യണ്‍ യൂറോ പൗണ്ട്‌സിനാണ് ബാഴ്‌സലോണ താരത്തെ ക്ലബ്ബിലെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ് മാസം കൂടിയാണ് താരത്തിന് ബാഴ്‌സയുമായി കരാറുള്ളത്. ബാഴ്‌സ പ്രസിഡന്റ് ലാപോര്‍ട്ട താരത്തെ വിട്ടുനല്‍കാന്‍ തയ്യാറാണെന്നും പകരം ഇന്റര്‍ മിയാമി താരം ഡേവിഡ് ബെക്കാമിനെ ടീമിലെത്തിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയതിന് ശേഷം റൊണാള്‍ഡോ ഇതുവരെ മത്സരത്തിനിറങ്ങിയിരുന്നില്ല. താരം അല്‍നസറില്‍ പരിശീലനം നടത്തുന്ന വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ജനുവരി 19ന് പി.എസ്ജി.ക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ നസ്‌റിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്.

സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ കളിക്കില്ലെന്ന് അല്‍ നസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാള്‍ഡോ അല്‍ നസര്‍ ജേഴ്‌സിയില്‍ ഇറങ്ങുക എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ പി.എസ്.ജിക്കെതിരായ മത്സരത്തില്‍ തന്നെ അല്‍ നസര്‍ റൊണാള്‍ഡോയെ കളിപ്പിച്ചേക്കുമെന്നാണ് അല്‍ നസര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യ അറിയിച്ചത്.

റിയാദിലെ മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘റിയാദ് സീസണ്‍’ സൗഹൃദ ടൂര്‍ണമെന്റിലാണ് പി.എസ്.ജിയും അല്‍ നസറും കളിക്കുക.

സൗദിയിലെ രണ്ട് പ്രമുഖ ക്ലബുകളായ അല്‍-നസറിന്റെയും അല്‍-ഹിലാലിന്റെയും ഏറ്റവും മുന്‍നിര താരങ്ങള്‍ അടങ്ങുന്ന ടീമായിരിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്നില്‍ അണിനിരക്കുക.

പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

Content Highlights: Al Nassr is going to sign with Barcelona’s Mid Fielder Sergio Busquets