റൊണാള്‍ഡോയെക്കാള്‍ മികച്ചവനും ടീമിന് വേണ്ടവനും; 29കാരനെ പുകഴ്ത്തി അല്‍ നസര്‍ ആരാധകര്‍
Sports News
റൊണാള്‍ഡോയെക്കാള്‍ മികച്ചവനും ടീമിന് വേണ്ടവനും; 29കാരനെ പുകഴ്ത്തി അല്‍ നസര്‍ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th February 2023, 11:24 am

 

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് പിന്നാലെ അല്‍ നസറിന്റെ ബ്രസീലിയന്‍ താരം ആന്‍ഡേഴ്‌സണ്‍ ടാലിസ്‌കയെ പുകഴ്ത്തി ആരാധകര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ ടീമിന് ആവശ്യമുള്ളത് ടാലിസ്‌കയെ ആണെന്നും മികച്ച കളിയാണ് താരം പുറത്തെടുത്തതെന്നും ആരാധകര്‍ പറയുന്നു.

അല്‍ ഫത്തേക്കെതിരായ മത്സരത്തില്‍ പൂര്‍ണമായും മികച്ച പ്രകടനമായിരുന്നില്ല ടാലിസ്‌കയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്കിലും മത്സരത്തില്‍ നിര്‍ണായകമായ ഗോള്‍ നേടാന്‍ ടാലിസ്‌കക്ക് സാധിച്ചിരുന്നു.

മത്സരത്തില്‍ മുന്‍ ബാഴ്‌സലോണ താരമായിരുന്ന ക്രിസ്റ്റിയന്‍ ടെല്ലോയിലൂടെ അല്‍ ഫത്തേയാണ് ഗോളടിക്ക് തുടക്കം കുറിച്ചത്. മത്സരത്തിന്റെ 12ാം മിനിട്ടിലായിരുന്നു ടെല്ലോയിലൂടെ ഫത്തേ ലീഡ് സ്വന്തമാക്കിയത്.

ആദ്യ പകുതിയുടെ 34ാം മിനിട്ടില്‍ അല്‍ നസറിന് ഈക്വലൈസര്‍ ഗോള്‍ കണ്ടെത്താനുള്ള അവസരവുമുണ്ടായിരുന്നു. ടാലിസ്‌കയുടെ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി റീ ബൗണ്ടായത് വലയിലെത്തിക്കാനുള്ള റൊണാള്‍ഡോയുടെ ശ്രമം പാഴായി.

ഇതിന് പുറമെ ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ റൊണാള്‍ഡോയുടെ മറ്റൊരു ഷോട്ട് ക്രോസ് ബാറില്‍ തട്ടി നഷ്ടപ്പെടുകയും ചെയ്തു.

എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ അല്‍ നസര്‍ ഒപ്പമെത്തിയിരുന്നു. മത്സരത്തിന്റെ 42ാം മിനിട്ടില്‍ ആന്‍ഡേഴ്‌സണ്‍ ടാലിസ്‌കയായിരുന്നു ഗോള്‍ നേടിയത്.

58ാം മിനിട്ടില്‍ സോഫിയാന്‍ ബെന്‍ഡേക നേടിയ ഗോളില്‍ ഫത്തേ മുമ്പിലെത്തി. ഒടുവില്‍ ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ മുമ്പ് ലഭിച്ച പെനാല്‍ട്ടി റൊണാള്‍ഡോ ഗോളാക്കി മാറ്റിയതോടെ അല്‍ നസര്‍ തോല്‍വിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.

ഇതിന് പിന്നാലെയാണ് ആരാധകര്‍ ടാലിസ്‌കയെ പുകഴ്ത്തി രംഗത്തുവന്നത്.

ഫത്തേക്കെതിരായ മത്സരത്തില്‍ സമനില പിടിച്ചതോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനും അല്‍ നസറിനായി. 15 മത്സരത്തില്‍ നിന്നും പത്ത് ജയം, നാല് സമനില, ഒരു തോല്‍വി എന്നിങ്ങനെ 34 പോയിന്റാണ് അല്‍ നസറിനുള്ളത്.

16 മത്സരത്തില്‍ നിന്നും 34 പോയിന്റുള്ള അല്‍ ഷബാബാണ് രണ്ടാം സ്ഥാനത്ത്.

ഫെബ്രുവരി ഒമ്പതിന് അല്‍ വേദ (Al Wehda)ക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. കിങ് അബ്ദുള്‍ അസീസ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

 

Content Highlight: Al Nassr fans against Cristiano Ronaldo