അല്‍ നസറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മോശം പ്രകടനത്തിന് പിന്നാലെ ആരാധകര്‍ താരത്തെ വിമര്‍ശിക്കുന്ന വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സൗദി അറേബ്യന്‍ കപ്പില്‍ അല്‍ ഇത്തിഹാദിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയ അല്‍ നസര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. രണ്ട് തവണ തുടര്‍ച്ചയായി കിരീട ധാരികളായ അല്‍ നസര്‍ നാണംകെട്ട തോല്‍വി വഴങ്ങിയതിനെ തുടര്‍ന്നാണ് ആരാധകരുടെ പ്രതിഷേധം.
അല്‍ നസര്‍ ഡയറക്ടര്‍ രോഷാകുലനായി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ക്ലബ്ബിന്റെ തോല്‍വിയില്‍ നിരാശനായ അദ്ദേഹം ദേഷ്യത്തോടെ സംസാരിക്കുന്നതാണ് വീഡിയോയില്‍.
“He can’t dribble, he can’t score, he can’t pass, all he can do is siuuu, I’m tired”
Al Nassr owners are fed up already😭😭😭pic.twitter.com/9E2QZ0N9Hv
റൊണാള്‍ഡോയുടെ ഗോള്‍ സെലിബ്രേഷന്‍ (Siuuu) കാണാന്‍ വേണ്ടിയാണ് ഇത്രയധികം പണം ചിലവാക്കിയതെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരത്തെ ക്ലബ്ബിലെത്തിച്ചിട്ടും അതിനുള്ള ഫലം കിട്ടാത്തതിലുള്ള നിരാശയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാകുന്നത്.
‘ഇവിടെ നിന്ന് ഇറങ്ങിപ്പോയ്‌ക്കോണം. 200 മില്യണ്‍ ആണ് ഞാന്‍ ചിലവാക്കിയത്. റൊണാള്‍ഡോക്ക് ആകെ അറിയുന്നത് ‘Siuuu’ മാത്രം,’ വീഡിയോയില്‍ പറയുന്നു.
സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയ റോണോ അല്‍ നസര്‍ ജേഴ്സിയില്‍ കളിച്ച രണ്ടാമത്തെ മത്സരമാണ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ റൊണാള്‍ഡോയെ വിമര്‍ശിച്ച് അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യയും രംഗത്തെത്തിയിരുന്നു.
റൊമാരീഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ ഇത്തിഹാദിനെതിരെ സമനില ഗോള്‍ നേടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സുവര്‍ണാവസരം ലഭിച്ചിരുന്നെങ്കിലും ഗോളാക്കാനായില്ല. പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.
തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ റൊണാള്‍ഡോ അവസരം പാഴാക്കിയതാണ് കളി തോല്‍ക്കാന്‍ കാരണമെന്ന് ഗാര്‍ഷ്യ പറയുകയായിരുന്നു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി പ്രൊ ലീഗില്‍ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി റൊണാള്‍ഡോ കളിച്ച ആദ്യ മത്സരത്തിന് ശേഷം റൂഡി ഗാര്‍ഷ്യ താരത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. റൊണാള്‍ഡോക്ക് മാത്രം പന്ത് ലഭിക്കുന്നതിന് പകരം ടീമിന്റെ ഭാഗമായി റൊണാള്‍ഡോ നില്‍ക്കുകയാണ് വേണ്ടതെന്ന് ഗാര്‍ഷ്യ സൂചിപ്പിച്ചിരുന്നു.
സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാള്‍ഡോ അനായാസം ഗോളുകള്‍ അടിച്ചു കൂട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത്ര മികച്ച തുടക്കമല്ല താരത്തിന് തന്റെ ക്ലബായ അല്‍ നസ്റില്‍ ലഭിച്ചിരിക്കുന്നത്.
പി.എസ്.ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടില്ല. വരാനിരിക്കുന്ന മത്സരങ്ങളില്‍ മോശം ഫോമില്‍ നിന്ന് പുറത്തുകടന്ന് മികച്ച പ്രകടനം നടത്തേണ്ടത് റൊണാള്‍ഡോക്ക് അനിവാര്യമാണ്.