പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ കൂടുമാറ്റത്തെ ബ്രസീല്‍ ഇതിഹാസം പെലെയുടെ കരിയറുമായി താരതമ്യം ചെയ്ത് അന്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യ. പെലെ 1975ല്‍ തന്റെ കരിയറിന്റെ അവസാനമായപ്പോള്‍ അമേരിക്കന്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് കോസ്‌മോസിലേക്ക് ചേക്കേറിയത് ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഷ്യയുടെ പ്രസ്താവന.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഈ നീക്കത്തെ ഞാന്‍ പെലെയുടെ കരിയറിന്റെ അവസാന കാലത്തെ കൂടുമാറ്റവുമായി താരതമ്യം ചെയ്യുകയാണ്. റൊണാള്‍ഡോ സൗദി ലീഗായ അല്‍ നസറിലേക്കാണ് ചേക്കേറിയതെങ്കില്‍ പെലെ നോര്‍ത്ത് അമേരിക്കന്‍ സോക്കര്‍ ലീഗിലേക്ക് പോവുകയായിരുന്നു.
എന്തായാലും റൊണാള്‍ഡോ സൗദിയിലേക്കെത്തിയത് ഇവിടുത്തെ ഫുട്‌ബോളിന്റെയും മറ്റ് കായിക സംസ്‌കാരത്തിന്റെയും പുരോഗമനത്തിന് വഴിയൊരുക്കും. ഒരു കളിക്കാരനെക്കാള്‍ അപ്പുറമാണ് ക്രിസ്റ്റ്യാനോയുടെ സ്ഥാനം. അദ്ദേഹം ഈ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്,’ റൂഡി ഗാര്‍ഷ്യ പറഞ്ഞു.
സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയതിന് ശേഷം റൊണാള്‍ഡോ ഇതുവരെ മത്സരത്തിനിറങ്ങിയിരുന്നില്ല. താരം അല്‍നസറില്‍ പരിശീലനം നടത്തുന്ന വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ജനുവരി 19ന് പി.എസ്ജി.ക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ നസ്‌റിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്.
സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ കളിക്കില്ലെന്ന് അല്‍ നസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാള്‍ഡോ അല്‍ നസര്‍ ജേഴ്‌സിയില്‍ ഇറങ്ങുക എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലമാണ് ക്ലബ്ബിന്റെ വാഗ്ദാനം. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.
ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം 2030 ലോകകപ്പ് നടത്താനുള്ള സൗദിയുടെ ശ്രമത്തിന്റെ കൂടി ഭാഗമാണ് താരത്തിന്റെ അല്‍ നസര്‍ പ്രവേശനം എന്നും റിപ്പോര്‍ട്ടുകളുണ്ട്.