സൗദി പ്രൊ ലീഗിൽ അൽ വെഹ്ദക്കെതിരെ മിന്നും ഫോമിലാണ് റൊണാൾഡോ കളിച്ചത്.
മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്ന എതിരാളികളുടെ വിമർശനങ്ങളെ കാറ്റിൽ പറത്തികൊണ്ട് നാല് ഗോളുകളാണ് റോണോ അൽ വെഹ്ദക്കെതിരെ സ്വന്തമാക്കിയത്.
ഇതോടെ ലീഗ് ഫുട്ബോളിൽ 500 ഗോളും ഈ വർഷത്തെ ഗോളെണ്ണത്തിൽ മെസിയുടെ റെക്കോർഡും സ്വന്തമാക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.
എന്നാലിപ്പോൾ റോണോ മികച്ച പ്രകടനം കാഴ്ച വെച്ചതിനെത്തുടർന്ന് മുമ്പ് നടത്തിയ വിമർശനം തിരുത്തി രംഗത്ത് വന്നിരിക്കുകയാണ് അൽ നസർ പരിശീലകനായ റൂഡി ഗാർസ്യ.
റൊണാൾഡോക്ക് ബോക്സിനുള്ളിൽ കൂടുതലായി പന്ത് നൽകുന്ന സഹതാരങ്ങളോട് അത്തരം തീരുമാനങ്ങൾ സൂക്ഷിച്ച് എടുക്കാൻ ഗാർസ്യ പറഞ്ഞത് നേരത്തെ വലിയ വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു.
ബോക്സിൽ വെച്ച് നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അതൊന്നും വലയിലേക്കെത്തിക്കാൻ റോണോക്ക് കഴിയാതിരുന്നതിനാലാണ് ഗാർസ്യ തന്റെ കളിക്കാർക്ക് ഇത്തരമൊരു നിർദേശം നൽകിയത്.
മത്സരങ്ങൾക്ക് ശേഷം മാധ്യമങ്ങൾക്ക് നൽകിയ പത്രസമ്മേളനത്തിൽ എന്നാൽ തന്റെ മുൻ അഭിപ്രായങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.
“റൊണാൾഡോ അൽ നസറിലെ സഹ താരങ്ങളുമായി കൂടുതൽ ഒത്തിണക്കത്തോടെ കളിക്കാൻ പ്രാപ്തി നേടിയിരിക്കുന്നു. റൊണാൾഡോ എങ്ങനെ കളിക്കുമെന്നും ഗോൾ സ്കോർ ചെയ്യാനായി എപ്പോൾ അദ്ദേഹത്തിന് പന്ത് എത്തിച്ചു നൽകണമെന്നും സഹതാരങ്ങൾ കൃത്യമായി മനസിലാക്കിയിട്ടുണ്ട്. നാല് ഗോൾ സ്വന്തമാക്കാൻ സാധിച്ചതോടെ ഒരു മികച്ച രാത്രിയായിരിക്കും ഇന്ന് അദേഹത്തിനെന്ന് നമുക്ക് പ്രത്യാശിക്കാം,’
ഗാർസ്യ പറഞ്ഞു. കൂടാതെ താരം ഇപ്പോഴും അപകടകാരിയാണെന്ന് ഗാർസ്യ കൂട്ടിച്ചേർത്തു.ഗോൾ വെബ്സൈറ്റാണ് റൂഡി ഗാർസ്യയുടെ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം സൗദി പ്രൊ ലീഗിൽ കനത്ത മത്സരമാണ് അൽ നസറിന് നേരിടേണ്ടി വരുന്നത്. 16 മത്സരങ്ങളിൽ നിന്നും 37 പോയിന്റുകളുമായി നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. രണ്ടാം സ്ഥാനത്തുള്ള അൽ ഇത്തിഹാദിനും അൽ ശബാബിനും 37 പോയിന്റുകൾ തന്നെയാണുള്ളത്.
ഫെബ്രുവരി 19ന് അൽ തവ്വൂനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.
Content Highlights:Al-Nassr coach Rudi Garcia backtracks on Cristiano Ronaldo criticism after he scored four goals