| Friday, 2nd February 2024, 8:01 am

മെസിയും പിള്ളേരും എയറിൽ; ആറടിച്ച് ആറാടി റോണായുടെ അൽ നസർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരങ്ങളുടെ ടീമുകളുടെ ഏറ്റുമുട്ടലില്‍ റൊണാള്‍ഡോയുടെ അല്‍ നസറിന് തകര്‍പ്പന്‍ ജയം. ഇന്റര്‍ മയാമിയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ അല്‍ നസറിനായി ബ്രസീലിയന്‍ താരം ടാലിസ്‌ക ഹാട്രിക് നേടി മികച്ച പ്രകടനം നടത്തി.

മത്സരത്തില്‍ ഇന്റര്‍ മയാമിക്കായി സൂപ്പര്‍ താരം ലയണല്‍ മെസി ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നില്ല. മത്സരത്തിന്റെ 86 മിനിട്ടില്‍ ആയിരുന്നു മെസി കളത്തിലിറങ്ങിയത്. അതേസമയം റൊണാള്‍ഡോ പരിക്ക് കാരണം നേരത്തെ ടീമില്‍ നിന്നും പുറത്തായിരുന്നു.

കിങ്ഡം അറീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് അല്‍ നസര്‍ അണിനിരന്നത്. മറുഭാഗത്ത് 5-3-2 എന്ന ശൈലിയുമാണ് ഇന്റര്‍ മയാമി പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ ഒറ്റാവിയോയിലൂടെയാണ് അല്‍നസര്‍ ഗോളടി മേളം തുടങ്ങിയത്. 10, 51, 73 എന്നീ ടാലിസ്‌ക മിനിട്ടുകളിലായിരുന്നു ടാലിസ്‌കയുടെ ഹാട്രിക് പിറന്നത്. അയ്‌മെറിക് ലപ്പോര്‍ട്ടെ (12), മുഹമ്മദ് മരന്‍ (68) എന്നിവരായിരുന്നു മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

മത്സരത്തില്‍ ഇന്റര്‍ മയാമിക്കായി സൂപ്പര്‍താരങ്ങളായ ലൂയി സുവാരസ്, സെര്‍ജിയോ ബസ്‌ക്വറ്റ്‌സ്, ജോഡി ആല്‍ബ എന്നിവര്‍ കളത്തിലിറങ്ങിയിട്ട് പോലും ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയാണ് ഇന്റര്‍ മയാമിക്ക് നല്‍കിയത്. മത്സരത്തില്‍ 21 ഷോട്ടുകളാണ് നസറിന്റെ അടിച്ചു കയറ്റിയത്.

2024ല്‍ ഒരു ജയം പോലും സ്വന്തമാക്കാന്‍ ഇന്റര്‍ മയാമിക്ക് സാധിച്ചിട്ടില്ല. അവസാന നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്റര്‍ മയാമിയുടെ സമ്പാദ്യം.

സൗഹൃദ മത്സരത്തില്‍ ഫെബ്രുവരി നാലിന് ഹോങ് കൊങ്ങിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. അതേസമയം ഫെബ്രുവരി എട്ടിന് അൽനസര്‍ അല്‍ ഹിലാലിനെ നേരിടും.

Content Highlight: Al Nassr beat Inter Miami in friendly match.

We use cookies to give you the best possible experience. Learn more