സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ വിജയ കുതിപ്പ് തുടരുന്നു. ഡമാക്ക് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് ഇരുടീമുകളും കളത്തില്‍ ഇറങ്ങിയത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ ഇഞ്ചുറി ടൈമില്‍ അയ്മറിക് ലപോര്‍ട്ടെ ആയിരുന്നു അല്‍ നാസര്‍ നായി ഗോള്‍ നേടിയത്.
അതേസമയം മത്സരത്തില്‍ ആദ്യ ഇലവനില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് അല്‍ നസര്‍ പോരാട്ടത്തിന് ഇറങ്ങിയത്. വരാനിരിക്കുന്ന പ്രധാന മത്സരങ്ങളില്‍ കളിക്കുന്നതിനു വേണ്ടി റൊണാള്‍ഡോയെ ആദ്യ ഇലവനിൽ ഇറക്കാതിരിക്കുകയായിരുന്നു അല്‍നസര്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോ.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 66ാം മിനിട്ടില്‍ ആയിരുന്നു റൊണാള്‍ഡോ കളത്തില്‍ ഇറങ്ങിയത്. ഇതിനെതിരെ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോയെ വിമര്‍ശിച്ചുകൊണ്ട് ധാരാളം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
‘കഴിഞ്ഞ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ സബ് ചെയ്തത്‌കൊണ്ട് കാസ്‌ട്രോ ഒരു മോശം മാനേജരാണ്. അല്‍ ഹിലാലിനെതിരെ അല്‍ നസര്‍ പരാജയപ്പെട്ടാല്‍ കോച്ചിനെ പുറത്താക്കണം’ ‘റൊണാള്‍ഡോയുടെ ഹാട്രിക് സ്ട്രീക്ക് ലൂയിസ് കാസ്‌ട്രോ മനപ്പൂര്‍വം അവസാനിപ്പിക്കുകയാണ്’ എന്നിങ്ങനെയായിരുന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ രേഖപ്പെടുത്തിയത്.
ജയത്തോടെ സൗദി പ്രൊലീഗില്‍ 27 മത്സരങ്ങളില്‍ നിന്നും 21 വിജയവും രണ്ട് സമനിലയും നാലു തോല്‍വിയും അടക്കം 65 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. ഏപ്രില്‍ ഒമ്പതിന് ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം മുഹമ്മദ് ബിന്‍ സയദ് സ്റ്റേഡിയമാണ് വേദി.
Content Highlight: AL Nassr beat Damac fc in Saudi pro league