പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിന് അല്‍ നസറിന് ഫിഫയുടെ വിലക്ക്. പ്രീമിയര്‍ ലീഗിലെ ലെസ്റ്റര്‍ സിറ്റിയുമായുള്ള കരാറിലെ ബാക്കി തുക കൊടുത്ത് തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് മൂന്ന് ട്രാന്‍സ്ഫര്‍ സീസണുകളിലേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
നൈജീരിയന്‍ താരം അഹമ്മദ് മൂസയുടെ കരാറുമായി ബന്ധപ്പെട്ടാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് വിലക്ക് ലഭിച്ചിരിക്കുന്നത്. 2018ല്‍ ലെസ്റ്റര്‍ സിറ്റി താരമായിരുന്ന മൂസയെ 16.50 മില്യണ്‍ യൂറോക്കാണ് അല്‍ നസര്‍ സ്വന്തമാക്കിയത്.
താരത്തെ ടീമിലെത്തിക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ ഫീസ് അടച്ചിരുന്നെങ്കിലും കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് വിധി പ്രകാരമുള്ള അധിക തുക അല്‍ നസര്‍ അടച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ഫിഫയുടെ നടപടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് കോടി 18 ലക്ഷം രൂപ അല്‍ നസര്‍ അടക്കാനുണ്ട്. തുക മുഴുവനായി അടച്ചുതീര്‍ത്താല്‍ വിലക്ക് നീക്കുമെന്നും സൂചനയുണ്ട്.
2018-19 സീസണില്‍ മൂസയുടെ പ്രകടന മികവിലായിരുന്നു അല്‍ നസര്‍ കിരീടം നേടിയത്. സൗദി സര്‍ക്കാരിന്റെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അല്‍ നസര്‍ ഉള്‍പ്പെടെ രാജ്യത്തെ നാല് ക്ലബ്ബുകളെ ഏറ്റെടുത്തിരുന്നു. അതിനാല്‍ തുക അടച്ചുതീര്‍ത്ത് വിലക്ക് നീക്കാനുള്ള നടപടി ക്രമങ്ങള്‍ അല്‍ നസര്‍ വേഗത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ ഒരു സീസണ്‍ അതിജീവിച്ച അല്‍ നസര്‍ കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ഇന്റര്‍ മിലാന്റെ ക്രൊയേഷ്യന്‍ മധ്യനിര താരം മാഴ്‌സെലോ ബ്രോസോവിച്ചുമായി അല്‍ നസര്‍ കരാറിലെത്തിയിരുന്നു.
ചെല്‍സിയില്‍ നിന്ന് ഹക്കിം സിയെച്ചിനെ ക്ലബ്ബിലെത്തിക്കാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും മെഡിക്കല്‍ പരാജയപ്പെടുകയായിരുന്നു. അല്‍ നസറിന് പുറമെ കൂടുതല്‍ യൂറോപ്യന്‍ താരങ്ങള്‍ അറേബ്യയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് ഫുട്‌ബോള്‍ രംഗത്ത് അരങ്ങേറുന്നത്.
Content Highlights: Al Nassr banned by FIFA from registering new players