എജ്ജാതി മനുഷ്യന്‍, 38ാം വയസിലും അഴിഞ്ഞാടി റോണോ; റെക്കോഡുകളുടെ പെരുമഴ
Football
എജ്ജാതി മനുഷ്യന്‍, 38ാം വയസിലും അഴിഞ്ഞാടി റോണോ; റെക്കോഡുകളുടെ പെരുമഴ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd October 2023, 8:10 am

2023 സീസണിലെ മിന്നും ഫോം തുടര്‍ന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോ യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിനായി പുറത്തെടുത്ത അതേ പോരാട്ടവീര്യം അല്‍ നസറിലും തുടരുകയാണ് റൊണാള്‍ഡോ.

സൗദി പ്രോ ലീഗില്‍ ഡമാക് എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസറര്‍ തോല്‍പ്പിച്ചത്. മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിലൂടെയാണ് റൊണാള്‍ഡോ അല്‍ നസറിന് വിജയം നേടിക്കൊടുത്തത്.

മത്സരത്തില്‍ നേടിയ ഗോളോടെ ഒരുപിടി റെക്കോഡുകളും 38കാരനെ തേടിയെത്തി. 2023ല്‍ 50+ ഗോളുകളും അസിസ്റ്റുകളും നേടിയ താരമെന്ന നേട്ടവും 2023ല്‍ 41 ഗോളുകള്‍ നേടിക്കൊണ്ട് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരെന്ന നേട്ടവുമാണ് റൊണാള്‍ഡോയെ തേടിയെത്തിയത്. ഈ സീസണില്‍ 15 തവണ മാച്ച് വിന്നര്‍ ആവാനും റോണോക്ക് സാധിച്ചു എന്നതും ശ്രദ്ധേയമാണ്.

മത്സരത്തിന്റെ 56ാം മിനിട്ടിലായിരുന്നു റോണോയുടെ മഴവില്‍ ഫ്രീകിക്ക് പിറന്നത്. നീണ്ട ഏഴ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു റൊണാള്‍ഡോ ഒരു ഫ്രീകിക്ക് ഗോള്‍ നേടുന്നത്. ക്രിസ്റ്റ്യാനോയുടേയും ആരാധകരുടെയും ഏഴ് മാസക്കാലത്തെ കാത്തിരിപ്പിന് കൂടിയാണ് ഇവിടെ വിരാമമായത്.

2023 മാര്‍ച്ചില്‍ പോര്‍ച്ചുഗലിനായി കളിക്കുമ്പോള്‍ ലിച്‌റ്റെന്‍സ്റ്റീനെതിരെയായിരുന്നു അവസാനമായി റോണോ ഫ്രീ കിക്ക് ഗോള്‍ നേടിയിരുന്നത്.

കെ.എസ്.യു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ജോര്‍ജിയസ് കെവിന്‍ എന്‍ കൗടുവിലൂടെ ഡമാക് ലീഡ് നേടുകയായിരുന്നു. അല്‍ നസറിന്റെ പ്രതിരോധത്തില്‍ വിള്ളലേല്‍പ്പിച്ചുകൊണ്ടാണ് താരം ഗോള്‍ നേടിയത്.

മത്സരത്തിന്റെ 52ാം മിനിട്ടില്‍ ടലിസ്‌ക മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ അല്‍ നസറിനെ മത്സരത്തില്‍ ഒപ്പമെത്തിച്ചു. ഒടുവില്‍ 56ാം മിനിട്ടില്‍ റോണോയുടെ മഴവില്‍ ഗോളും വന്നതോടെ മത്സരം അല്‍ നാസര്‍ സ്വന്തമാക്കുകയായിരുന്നു.

ലീഗില്‍ 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും റോണോ നേടിയിട്ടുണ്ട്. നിലവില്‍ സൗദി ലീഗിലെ ടോപ്പ് സ്‌കോററും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരവും റൊണാള്‍ഡോയാണ്.

ജയത്തോടെ സൗദി പ്രോ ലീഗില്‍ മൂന്നാം സ്ഥാനത്തെത്താനും അല്‍ നസറിന് സാധിച്ചു. പത്ത് കളികളില്‍ ഏഴ് ജയവും ഒരു സമനിലയും അടക്കം 22 പോയിന്റാണ് അല്‍ നസറിന്റെ അക്കൗണ്ടിലുള്ളത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍വി നേരിട്ടതിന് ശേഷമാണ് അല്‍ നസര്‍ മികച്ച തിരിച്ചുവരവ് നടത്തിയത്. പിന്നീട് നടന്ന ആറ് കളികളില്‍ അണ്‍ബീറ്റണ്‍ റണ്‍ ആണ് അല്‍ നസര്‍ നടത്തിയത്.

ഒക്ടോബര്‍ 24ന് എ. എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസര്‍ അല്‍ ദുഹൈലയെ നേരിടും.

Content Highlight: Al Nasser won the Saudi league with Cristiano ronaldo good performance.