Football
സൗദിയില്‍ ഗോള്‍ വേട്ട തുടര്‍ന്ന് റൊണാള്‍ഡോ; അല്‍ നസര്‍ മുന്നേറുന്നു
സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ വിജയകുതിപ്പ് തുടരുന്നു. അല്‍ വെഹ്ദയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തത്. അല്‍ നസറിന്റെ തുടര്‍ച്ചയായ നാലാം വിജയമായിരുന്നു ഇത്.
മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ ഒരു ഗോള്‍ നേടികൊണ്ടാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം തന്റെ മിന്നും ഫോം തുടര്‍ന്നത്.
മത്സരത്തിന്റെ നാല്‍പ്പത്തി ഒന്‍പതാം മിനിട്ടില്‍ ആയിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. എതിര്‍ ടീമിന്റെ പ്രതിരോധത്തിലുള്ള പിഴവുകള്‍ മുതലെടുത്തുകൊണ്ട് താരം പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ലക്ഷ്യം കാണുകയായിരുന്നു.
ഈ ഗോളോടെ റൊണാള്‍ഡോ ഈ സീസണിലെ തന്റെ പതിനാറാം ഗോളാണ് സ്വന്തമാക്കിയത്. നിലവില്‍ സൗദി ലീഗില്‍ 12 മത്സരങ്ങളില്‍ 13 ഗോളുകള്‍ നേടിക്കൊണ്ട് സൗദി ലീഗിലെ ടോപ്പ്‌സ്‌കോറര്‍ ആണ് റോണോ. എന്നാല്‍ അല്‍ നസറിനായി റൊണാള്‍ഡോ മുഴുവന്‍ മത്സരങ്ങളിലും 16 ഗോളുകള്‍ അക്കൗണ്ടില്‍ ആക്കിയിട്ടുണ്ട്.
ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ അല്‍ ഇത്തിഹാദിന്റെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സിമയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനും പോര്‍ച്ചുഗീസ് ഇതിഹാസത്തിന് സാധിച്ചു.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരത്തിന് കോച്ച് ലൂയിസ് കാസ്‌ട്രോ വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ വീണ്ടും ആദ്യ ഇലവനില്‍ തിരിച്ചെത്തിയതോടെ താരം പഴയ ഫോം ആവര്‍ത്തിക്കുകയായിരുന്നു.
അല്‍ വെഹ്ദയുടെ ഹോം ഗ്രൗണ്ടായ കിംങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11ാം മിനിട്ടില്‍ അലക്‌സ് ടെല്ലസിലൂടെയാണ് അല്‍ നസര്‍ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. 39ാം മിനിട്ടില്‍ അബ്ദുലെലാഹ് അല്‍ അമ്രി രണ്ടാം ഗോളും നേടിയതോടെ ആദ്യ പകുതി 2-0ത്തിന് സന്ദര്‍ശകര്‍ സ്വന്തമാക്കുകയായിരുന്നു.
രണ്ടാം പകുതി തുടങ്ങി 49ാം മിനിട്ടില്‍ സൂപ്പര്‍ താരം റോണോയുടെ ഗോള്‍ കൂടി വന്നതോടെ മത്സരം പൂര്‍ണ്ണമായും അല്‍ നസര്‍ പിടിച്ചെടുക്കുകയായിരുന്നു. 81ാം മിനിട്ടില്‍ ആന്‍സെല്‍മോയുടെ വകയായിരുന്നു ആതിഥേയരുടെ ആശ്വാസഗോള്‍. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 3-1ന്റെ തകര്‍പ്പന്‍ വിജയം അല്‍ നസര്‍ സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ സൗദി ലീഗില്‍ 13 മത്സരങ്ങളില്‍ നിന്നും 31 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായി നാല് പോയിന്റിന്റെ വ്യത്യാസമാണ് അല്‍ നസറിന് ഉള്ളത്.
നവംബര്‍ 24ന് അല്‍ അക്ഹ്ഡൗതിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Al Nasser won the Saudi league thanks to Cristiano Ronaldo’s best performances.