| Saturday, 19th October 2024, 9:33 am

റൊണോ സഖ്യം കുതിപ്പ് തുടങ്ങിയിട്ടേയുള്ളൂ; സൗദി പ്രോ ലീ ഗില്‍ അല്‍ ഷബാബിനെതിരെ തകര്‍പ്പന്‍ വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ നടന്ന മത്സരത്തില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ അല്‍ ഷബാബിനെ പരാജയപ്പെടുത്തിയത്. ആവേശം നിറഞ്ഞ മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയിലെ 69ാം മിനിട്ടില്‍ അല്‍ നസറിന് വേണ്ടി ഐമറിക് ലാപോര്‍ട് എതിരാളികളുടെ വലകുലുക്കിയാണ് ഗോളടിക്ക് തുടക്കം കുറിച്ചത്.

ശേഷം 90ാം മിനിട്ടില്‍ അല്‍ ഷബാബിന് വേണ്ടി അലി അല്‍ഹസന്‍ ഗോള്‍ നേടി സമനിലയില്‍ എത്തിച്ചെങ്കിലും അവസാനഘട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പെനാല്‍റ്റിയില്‍ ലീഡ് ഉയര്‍ത്താനും അല്‍ നസറിനു കഴിഞ്ഞു. ഇതോടെ  ഫുട്‌ബോള്‍ കരിയറില്‍ 907 ഗോള്‍ പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

തുടര്‍ന്ന് അവസാനഘട്ടത്തിലെ എക്‌സ്ട്രാ ടൈമില്‍ തന്നെ മുഹമ്മദ് സൈമകനും അല്‍ നസറിനു വേണ്ടി ഗോള്‍ നേടിയതോടെ മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം സൃഷ്ടിക്കാന്‍ ടീമിനുസാധിച്ചു.

മത്സരത്തില്‍ 17 ഷോട്ടുകളാണ് ഷബാബിന് എതിരെ അല്‍ നസര്‍ അടിച്ചത്. എന്നാല്‍ തിരിച്ച് 12 ഷോട്ടുകള്‍ മാത്രമാണ് ഷബാബിന് അടിക്കാന്‍ സാധിച്ചത്. അതില്‍ മൂന്നെണ്ണം മാത്രമാണ് ടാര്‍ഗെറ്റിലേക്ക് ലക്ഷ്യം വെക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അല്‍ നസര്‍ അഞ്ച് ഷോട്ടുകള്‍ ടാര്‍ഗെറ്റിലേക്ക് ഉന്നം വെച്ചിരുന്നു. പന്ത് കൂടുതല്‍ സമയം കാലില്‍ വെച്ചത് റൊണാള്‍ഡോ സഖ്യം തന്നെയാണ്.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴ് മത്സരത്തില്‍ അഞ്ച് വിജയവും രണ്ട് സമനിലയും ഉള്‍പ്പെടെ 17 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് എത്താന്‍ അല്‍ നസറിന് സാധിച്ചു. ഏഴ് വിജയം സ്വന്തമാക്കി 21 പോയിന്റ് നേടിയ അല്‍ ഹിലാലാണ് ഒന്നാം സ്ഥാനത്തുള്ളത്. ഒക്ടോബര്‍ 22ന് ഇസ്റ്റിഗ് ലാല്‍ എഫ്.സിക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlight: Al Nasser Won Against Al Shabab In Saudi Pro League

Video Stories

We use cookies to give you the best possible experience. Learn more