| Friday, 30th December 2022, 4:05 pm

റൊണാള്‍ഡോയില്‍ നിര്‍ത്താനൊരുങ്ങാതെ അല്‍ നാസര്‍; സാവിയെ കരയിച്ച് ബാഴ്‌സയില്‍ നിന്ന് പുതിയ താരത്തിനായി വലവിരിച്ച് ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ അല്‍ നാസര്‍ എന്ന ക്ലബ്ബ് അറിയപ്പെടാന്‍ തുടങ്ങിയിട്ട് വളരെ കുറച്ചു നാളുകള്‍ മാത്രമാണായത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പൊന്നും വില കൊടുത്ത് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ടീം എന്ന നിലയിലാണ് അല്‍ നാസര്‍ എന്ന സൗദി അറേബ്യന്‍ ക്ലബ്ബ് അറിയപ്പെട്ടുതുടങ്ങിയത്.

തങ്ങളുടെ ലീഗിലെ അതികായരാണെങ്കിലും പല ഫുട്‌ബോള്‍ ആരാധകരെയും സംബന്ധിച്ച് ആ ടീമും ആ ടീമിന്റെ പേരും പുതിയതായിരുന്നു.

റൊണാള്‍ഡോക്ക് പുറമെ 2018 ലോകകപ്പില്‍ മെസിയെ വിറപ്പിച്ച ചെല്‍സിയുടെ ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെയെ ടീമിലെത്തിക്കാനും ടീം ശ്രമിക്കുന്നുണ്ട്.

കാന്റെയുടെ കരാറിന്റെ അവസ്ഥയെ കുറിച്ചെല്ലാം കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന അല്‍ നാസര്‍, താരത്തെ എത്രയും വേഗത്തില്‍ ടീമിലെത്തിക്കാന്‍ സാധിക്കുമോ, അത്രയും വേഗത്തില്‍ അതിന് ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കാന്റെ. 2018 ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയായിരുന്നു അദ്ദേഹം.

എന്നാല്‍ മറ്റൊരു ലോകകപ്പ് ഹീറോയെ ലക്ഷ്യമിട്ടാണ് അല്‍ നാസര്‍ രംഗത്തെത്തിയിട്ടുള്ളത്. ബാഴ്‌സയുടെ സ്പാനിഷ് ഇന്റര്‍നാഷണല്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സിനെ ടീമിലെത്തിക്കാനാണ് അല്‍ നാസര്‍ ഒരുങ്ങുന്നത്. ഇതിനായി വമ്പന്‍ ഓഫറാണ് അല്‍ നാസര്‍ താരത്തിന് മുമ്പില്‍ വെച്ചിട്ടുള്ളത്.

കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലമാണ് ക്ലബ്ബ് താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം ബാഴ്‌സയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബുസ്‌കറ്റ്‌സ് ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള പ്രതികരണവും നടത്തിയിട്ടില്ല.

എം.എസ്.എല്‍ ക്ലബ്ബായ ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മിയാമിയിയും താരത്തിനായി രംഗത്തുണ്ട്.

എന്നാല്‍ ഒരു സീസണ്‍ കൂടി ബുസ്‌കറ്റ്‌സിനെ കറ്റാലന്‍ പടക്കൊപ്പം നിര്‍ത്താനാണ് സാവി ആഗ്രഹിക്കുന്നത്. താരം ടീമിനൊപ്പം നില്‍ക്കണമെന്നും മിഡ്ഫീല്‍ഡര്‍ക്ക് ടീമിന്റെ മുന്നേറ്റത്തില്‍ കാര്യമായ സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കരുതുന്നു.

എന്നാല്‍ താരം ടീമില്‍ നിന്നും പുറത്തുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ക്ലബ്ബ് പ്രസിഡന്റ് ജോവാന്‍ ലപ്പോര്‍ട്ട പറയുന്നുണ്ട്. എന്നിരുന്നാലും താരം ടീമിനൊപ്പം തന്നെ വേണമെന്നാണ് ലപ്പോര്‍ട്ടയും ആഗ്രഹിക്കുന്നത്.

യൂറോപ്യന്‍ ലീഗുകളിലെ കൈമാറ്റങ്ങള്‍ കാരണം ഇതിനോടകം തന്നെ ചൂടേറിയ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലേക്ക് കാര്യങ്ങള്‍ ഇനിയും ആവേശമാക്കാന്‍ തന്നെയാണ് അല്‍ നാസറും കടന്നുവരുന്നത് എന്ന കാര്യം ഉറപ്പാണ്.

Content Highlight: Al Nasser targeting Sergio Busquets in next transfer window

We use cookies to give you the best possible experience. Learn more