സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസര്‍ ഫ്രഞ്ച് സൂപ്പര്‍ താരം എന്‍ഗോളോ കാന്റയെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചെല്‍സിയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെ ടീമിലെത്തിക്കാന്‍ ക്ലബ്ബ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നാണ് ഫൂട് മെര്‍ക്കാറ്റോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാന്റെയുടെ കരാറിന്റെ അവസ്ഥയെ കുറിച്ചെല്ലാം കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന അല്‍ നാസര്‍ താരത്തെ എത്രയും വേഗത്തില്‍ ടീമിലെത്തിക്കാന്‍ സാധിക്കുമോ, അത്രയും വേഗത്തില്‍ അതിന് ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കാന്റെ. 2018 ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയായിരുന്നു അദ്ദേഹം.
പ്രീമിര്‍ ലീഗില്‍ നേരത്തെ ലെസ്റ്റര്‍ സിറ്റിക്കും നിലവില്‍ ചെല്‍സിക്കും വേണ്ടിയാണ് താരം കളിക്കുന്നത്. ചെല്‍സിക്കൊപ്പം പ്രീമിയര്‍ ലീഗ് കിരീടം, യുവേഫ ചാമ്പ്യന്‍സ് ട്രോഫി, യൂറോപ്പ ലീഗ് കിരീടം എന്നീ ടൈറ്റിലുകളെല്ലാം കാന്റെ സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയര്‍ ലീഗിന്റെ ടീം ഓഫ് ദി ഇയറില്‍ മൂന്ന് തവണയാണ് താരം തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ താരത്തിന്റെ പരിക്കാണ് ആരാധകരെയും ടീമിനെയും ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നത്. തുടര്‍ച്ചയായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ രണ്ട് സീസണുകളില്‍ താരത്തിന് പൂര്‍ണമായും കളിക്കാന്‍ സാധിച്ചിരുന്നില്ല.
2021-22 സീസണില്‍ 16 മത്സരങ്ങള്‍ നഷ്ടപ്പെട്ട കാന്റെ പൂര്‍ണ ആരോഗ്യവാനായി കളത്തില്‍ തിരിച്ചെത്താന്‍ 2023 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
ഹാംസ്ട്രിങ് ഇന്‍ജുറി കാരണം ഖത്തര്‍ ലോകകപ്പും അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഫ്രാന്‍സിന് സക്‌സസ്ഫുള്ളായി ലോകകപ്പ് ഡിഫന്‍ഡ് ചെയ്യാന്‍ സാധിക്കാതെ പോയതിന്റെ പ്രധാന കാരണവും കാന്റെ അടക്കമുള്ള താരങ്ങളുടെ പരിക്കായിരുന്നു.
നിലവിലെ സീസണ്‍ അവസാനിക്കുന്നതോടെ കാന്റെയുടെ കരാറും അവസാനിക്കും. ജനുവരി മുതല്‍ ഏത് ക്ലബ്ബുമായും പ്രീ കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടാനും അദ്ദേഹത്തിന് സാധിക്കും. ബാഴ്‌സലോണയടക്കമുള്ള ടീമുകള്‍ കാന്റെക്ക് പിന്നാലെയുണ്ട്.
എന്നാല്‍ ഏഷ്യയിലെ തന്നെ മികച്ച ക്ലബ്ബായ അല്‍ നാസറിന്റെ ക്ഷണം താരം സ്വീകരിക്കുമോ എന്ന കാര്യം കണ്ടറിയണം.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ടീമിലെത്തിക്കാന്‍ അല്‍ നാസര്‍ ശ്രമിക്കുന്നുണ്ട്. 200 മില്യണ്‍ പൗണ്ടാണ് റോണോക്ക് ക്ലബ്ബിന്റെ വാഗ്ദാനം. താരവുമായി ഒരു കൂടിക്കാഴ്ച വരും ദിവസങ്ങളില്‍ നടക്കും.
Content highlight: Al Nasser is reportedly interested in acquiring France’s superstar Kante