സൗദി പ്രോ ലീഗിൽ അൽ നസർ വിജയ കുതിപ്പ് തുടരുന്നു. അൽ തായുടെ ഹോം ഗ്രൗണ്ടായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ മുസഈദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ തായേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസർ തകർത്തത്.
മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോളും ഒരു അസിസ്റ്റുമായി മികച്ച പ്രകടനം കാഴ്ചവച്ചു. ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് റൊണാൾഡോ സ്വന്തമാക്കിയത്.
മത്സരത്തിൽ നേടിയ ഗോളിലൂടെ റെക്കോഡ് നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചു. സൗദി പ്രോ ലീഗിൽ ഒറ്റ സീസണിൽ അതിവേഗത്തിൽ പത്ത് ഗോളുകൾ സ്കോർ ചെയ്യുന്ന താരമെന്ന നേട്ടമാണ് റോണോ സ്വന്തമാക്കിയത്.
മത്സരത്തിലേക്ക് വരികയാണെങ്കിൽ 4-2-3-1 എന്ന ഫോർമേഷനിലാണ് ഇരുടീമും കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 32ാം മിനിട്ടിൽ ടാലിസ്കോ അൽ നസറിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽട്ടി ബോക്സിന്റെ പുറത്തുനിന്നും നൽകിയ പാസ് സ്വീകരിച്ച ടാലിസ്കോ പെനാൽട്ടി ബോക്സിൽ നിന്നും ലക്ഷ്യം കാണുകയായിരുന്നു. ആദ്യപകുതിയിൽ അൽ നസർ 1-0ത്തിന് മുന്നിട്ട് നിൽക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ അൽ തായ് സമനില ഗോളിനായി നിരന്തരം ആക്രമണം നടത്തിയപ്പോൾ മത്സരത്തിന്റെ 79ാം മിനിട്ടിൽ ലക്ഷ്യം കാണുകയായിരുന്നു. വിർജിൽ മിസിദ്ജാന്റെ ഗോളിലൂടെയായിരുന്നു ആതിഥേയർ മത്സരത്തിൽ ഒപ്പമെത്തിയത്.
അൽ നസർ പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ടുള്ള പാസ് സ്വീകരിച്ച താരം പെനാൽട്ടി ബോക്സിൽ നിന്നും എതിർ താരങ്ങളെ കാഴ്ചക്കാരാക്കി നിർത്തിക്കൊണ്ട് ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ 87ാം മിനിട്ടിൽ എതിർ ടീമിന്റെ പ്രതിരോധനിര താരത്തിന്റെ കയ്യിൽ തട്ടിയതിന് ലഭിച്ച പെനാൽട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന്റെ വിജയഗോൾ നേടുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 2-1ന് സന്ദർശകർ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്നും ആറ് വിജയവും രണ്ട് തോൽവിയും അടക്കം 18 പോയിന്റുമായി നാലാം സ്ഥാനത്താണ് അൽ നസർ.
ഒക്ടോബർ രണ്ടിന് ഇസ്തിക്കോളുമായാണ് അൽ നസറിന്റെ അടുത്ത മത്സരം. കെ.എസ്.യു സ്റ്റേഡിയമാണ് വേദി.
Content Highlight: Al Nasr won the Saudi Pro League 2-0. Ronaldo did well with a goal and an assist.