അല്‍ നസറിലെ ആദ്യ കിരീടത്തില്‍ മുത്തമിടാന്‍ റൊണാള്‍ഡോ; ചെയ്യേണ്ടത് ഇത്രമാത്രം
Sports News
അല്‍ നസറിലെ ആദ്യ കിരീടത്തില്‍ മുത്തമിടാന്‍ റൊണാള്‍ഡോ; ചെയ്യേണ്ടത് ഇത്രമാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th August 2023, 9:47 am

അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് സൗദി പ്രൊ ലീഗ് സൂപ്പര്‍ ടീം അല്‍ നസര്‍. ചരിത്രത്തിലാദ്യമായാണ് അല്‍ നസര്‍ അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇറാഖി ക്ലബ്ബായ അല്‍ ഷോര്‍ട്ടയെ തോല്‍പിച്ചാണ് അല്‍ നസര്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

മത്സരത്തിന്റെ 75ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍ട്ടിയിലൂടെ നേടിയ ഏക ഗോളിന്റെ ബലത്തിലാണ് അല്‍ നസര്‍ വിജയിച്ചുകയറിയത്.

1995ന് ശേഷം ഇതാദ്യമായാണ് അല്‍ നസര്‍ അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ സെമി കളിക്കുന്നത്. എന്ത് വിലകൊടുത്തും മത്സരം വിജയക്കണമെന്ന വാശിയോടെ കളത്തിലിറങ്ങിയ അല്‍ നസറിനെ പിടിച്ചുകെട്ടാന്‍ തന്നെയായിരുന്നു ഷോര്‍ട്ടയുടെ തീരുമാനം.

4-3-3 എന്ന ഫോര്‍മേഷനില്‍ കളത്തിലിറങ്ങിയ അല്‍ നസറിനെ തളയ്ക്കാന്‍ 4-4-1-1 എന്ന ഫോര്‍മേഷനിലാണ് അല്‍ ഷോര്‍ട്ട പരിശീലകന്‍ സലാ അല്‍വാന്‍ തന്റെ കുട്ടികളെ വിന്യസിച്ചത്. ആദ്യ പകുതിയില്‍ സൗദി ക്ലബ്ബിനെ ഗോളടിക്കാതെ പിടിച്ചുകെട്ടാനും ഷോര്‍ട്ടക്ക് സാധിച്ചിരുന്നു.

ഷോര്‍ട്ട ഗോള്‍ മുഖത്തേക്ക് അല്‍ നസര്‍ പല തവണ ആക്രമണണഴിച്ചുവിട്ടെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. എന്നാല്‍ 73ാം മിനിട്ടിലെ ഫൗളിന് ഷോര്‍ട്ടക്ക് നല്‍കേണ്ടി വന്നത് തങ്ങളുടെ ഫൈനല്‍ മോഹങ്ങളാണ്. വാറിലൂടെ നേടിയെടുത്ത പെനാല്‍ട്ടി റൊണാള്‍ഡോ ഒരു പിഴവും കൂടാതെ വലയിലാക്കി. 86ാം മിനിട്ടില്‍ മറ്റൊരു പെനാല്‍ട്ടി കൂടി ലഭിക്കുമെന്ന് തോന്നിച്ചെങ്കിലും വാറിലൂടെ അത് നിഷേധിക്കുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് അല്‍ നസര്‍ ഫൈനലിലേക്ക് കുതിച്ചു.

ചിര വൈരികളായ അല്‍ ഹിലാലിനെയാണ് അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ഫൈനലില്‍ അല്‍ നസറിന് നേരിടാനുള്ളത്. സൗദി പ്രോ ലീഗിലെ സൂപ്പര്‍ ടീമുകളുടെ എല്‍ ക്ലാസിക്കോ മാച്ചിനാകും ടൂര്‍ണമെന്റിന്റെ ഫൈനല്‍ സാക്ഷ്യം വഹിക്കുക.

ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ ഇത്തിഹാദിനെയും സെമി ഫൈനലില്‍ അല്‍ ഷബാബിനെയും ഒന്നിനെതിരെ മൂന്ന് എന്ന നിലയില്‍ തോല്‍പിച്ചാണ് അല്‍ ഹിലാല്‍ ഫൈനലിന് യോഗ്യത നേടിയത്.

ഓഗസ്റ്റ് 12നാണ് അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം. കിങ് ഫഹദ് സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്.

 

Content Highlight: Al Nasr enters the final of the Arab Club Championship Cup.