ഇസ്രഈല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ മരണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്
World News
ഇസ്രഈല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ മരണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st September 2022, 4:36 pm

വെസ്റ്റ് ബാങ്ക്: വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെ ജെനിനില്‍ സൈനിക നടപടിക്കിടെ മാധ്യമപ്രവര്‍ത്തക ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സംയുക്ത അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മാധ്യമപ്രവര്‍ത്തകയുടേത് ആസൂത്രിത കൊലപാതകമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനവും പലസ്തീന്‍ മനുഷ്യാവകാശ സംഘടനയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മെയ് 11നാണ് അല്‍ജസീറ മാധ്യമപ്രവര്‍ത്തകയായ ഷിറീന്‍ അബു അക്‌ലേ കൊല്ലപ്പെട്ടത്. ഫലസ്തീനിയന്‍ ലേഖകയായിരുന്നു ഷിറീന്‍. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് അന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

പ്രദേശത്ത് മാധ്യമപ്രവര്‍ത്തകരുണ്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മനപ്പൂര്‍വം നടത്തിയ വെടിവെപ്പാണെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

രണ്ട് മിനിറ്റ് നേരം ഇസ്രഈല്‍ സൈനികന്‍ വെടിയുതിര്‍ത്തെന്നും പിന്നീട് ഷിറീനെ രക്ഷിക്കാനെത്തിയവര്‍ക്ക് നേരെയും സൈന്യം വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്,

ജെനിനിയില്‍ നടക്കുന്ന ഇസ്ര്ഈലിന്റെ റെയ്ഡുകള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു ഷിറീനിന് ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിയേറ്റത്. മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അലി സമൗദിക്കും വെടിയേറ്റിരുന്നു.

ഫലസ്തീനിയന്‍ പൗരന്മാര്‍ വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് റാമല്ലയിലെ അല്‍ ജസീറയുടെ ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമറി അന്ന് വ്യക്തമാക്കിയിരുന്നു. ഈ സാധ്യതയെ പരാമര്‍ശിക്കുന്ന തരത്തില്‍ അന്ന് ഇസ്രഈല്‍ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെ എതിര്‍ക്കുന്നതായിരുന്നു വാലിദ് അല്‍ ഒമറിന്റെ പരാമര്‍ശം.

ജെനിനില്‍ പ്രവര്‍ത്തിക്കുന്നതിനിടെ കനത്ത വെടിവെപ്പും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമണം ഉണ്ടായെന്നും തങ്ങള്‍ തിരിച്ചടിച്ചടിക്കുകയായിരുന്നുവെന്നുമായിരുന്നു ഇസ്രായേല്‍ സൈന്യം അറിയിച്ചത്. എന്നാല്‍ ഈ വാദത്തെ കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

2000 മുതല്‍ അന്‍പതോളം ഫലസ്തീന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

Content Highlight: Al jazeera reporter murder of shireen abdu akleh was pre planned says report