| Sunday, 16th May 2021, 12:06 am

അല്‍ ജസീറ നിശബ്ദമാവില്ല; ഇസ്രാഈലിന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകര്‍. ഇതുകൊണ്ടൊന്നും ചാനലിനെ നിശബ്ദമാക്കാന്‍ കഴിയില്ലെന്നാണ് അല്‍ ജസീറയിലെ അവതാരകനായ ഹസ്സാ മൊഹ്ദീന്‍ പറഞ്ഞത്.

”ഈ ചാനിലെ നിശബ്ദമാക്കാനാവില്ല. അല്‍ ജസീറ നിശബ്ദമാവില്ല,” ഹസ്സാ മൊഹ്ദീന്‍ പറഞ്ഞു.
11 വര്‍ഷം ജോലി ചെയ്ത ഇടം രണ്ട് സെക്കന്റിനുള്ളില്‍ അപ്രത്യക്ഷമായെന്നായിരുന്നു ആക്രമണത്തെക്കുറിച്ച് അല്‍ജസീറ ലേഖകന്‍ സഫ്വത് അല്‍ കഹ്ലൗട്ടിന്റെ പ്രതികരണം.

ഗാസയില്‍ ഇസ്രാഈല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നിരുന്നു. ജലാ ടവര്‍ എന്ന കെട്ടിടമാണ് ആക്രമണത്തില്‍ തകര്‍ന്നത്.

ആക്രമണത്തിന് ഒരു മണിക്കൂര്‍ മുമ്പ് തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നെന്നും എത്രയും പെട്ടന്ന് കെട്ടിടമൊഴിപ്പിക്കാന്‍ ഇസ്രാഈല്‍ ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയെന്നുമാണ് ജലാ ടവര്‍ ഉടമ ജാവദ് മെഹ്ദി പറയുന്നത്.

എ.എഫ്.പിക്ക് ലഭിച്ച ശബ്ദരേഖ പ്രകാരം ഒരു 10 മിനുട്ട് സമയം കൂടി തനിക്ക് അധികം അനുവദിക്കണമെന്നും ജേര്‍ണലിസ്റ്റുകള്‍ക്ക് അവരുടെ സാധന സാമഗ്രികള്‍ എടുക്കാനുണ്ടെന്നും അദ്ദേഹം ഇസ്രാഈല്‍ ഉദ്യോഗസ്ഥനോട് അപേക്ഷിക്കുന്നതായി കേള്‍ക്കാം.

എന്നാല്‍ ഉദ്യോഗസ്ഥന്‍ അത് പാടെ അവഗണിക്കുയായിരുന്നു.

തുടര്‍ച്ചയായ ആറ് ദിവസമായി ഇസ്രാഈല്‍ ഗാസയിലേക്ക് ബോംബാക്രമണം നടത്തുകയാണ്. നേരത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഒഴിയാന്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ഇസ്രാഈല്‍ സൈനത്തിന്റെ നടപടി.

മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കെട്ടിടവും കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. മാധ്യമ സ്ഥാപങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്രാഈല്‍ നടപടി യുദ്ധക്കുറ്റമായി കാണണമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്വര്‍ക്ക് അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:  Al Jazeera Journalists Response After Israel Attack

We use cookies to give you the best possible experience. Learn more