| Saturday, 18th November 2023, 5:26 pm

'ലോകം ഏറ്റവും നിഷ്‌കളങ്കമായ ജീവനുകളുടെ ശ്മാശനമായി മാറുന്നു': കുഞ്ഞുങ്ങള്‍ക്ക് കത്തെഴുതി അല്‍ജസീറ മാധ്യമപ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ അപലപിച്ച് തന്റെ കുഞ്ഞുങ്ങള്‍ക്ക് കത്തെഴുതി അല്‍ജസീറ മാധ്യമപ്രവര്‍ത്തക മാരം ഹുമൈദ്. ഗസയില്‍ നല്ലൊരു ഭാവി സ്വപ്നം കണ്ടതില്‍ താന്‍ ഖേദിക്കുന്നുവെന്നും, ആ സ്വപ്‍നം സ്വപ്‌നം നിലവിലെ സാഹചര്യമനുസരിച്ച് വളരെ ആർഭാടമായ ആഗ്രഹമാണെന്നും മാരം ഹുമൈദ് കുറിച്ചു. മൂന്ന് മാസം പ്രായമുള്ള മകന്‍ ഇയാസിനും ഒരു മാസം പ്രായമുള്ള തന്റെ സഹോദര പുത്രനായ യെസ്സിനുമാണ് മാരം ഹുമൈദ് കത്തെഴുതിയത്.

ചുറ്റും എന്തൊക്കെയോ തെറ്റായി നടക്കുന്നുണ്ടെന്ന് തന്റെ കുഞ്ഞുങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് താന്‍ തിരിച്ചറിയുന്നതായി മാരം ഹുമൈദ് കുഞ്ഞുങ്ങള്‍ക്ക് എഴുതിയ കത്തില്‍ കുറിച്ചു. ഓരോ സ്‌ഫോടനത്തോടും കുഞ്ഞുങ്ങള്‍ കാണിക്കുന്ന പ്രതികരണങ്ങള്‍ എത്രമാത്രം ശരിയാണെന്നും, ബോംബുകള്‍ വന്നുപതിക്കുന്ന ശബ്ദങ്ങളില്‍ കുഞ്ഞുങ്ങള്‍ നിരന്തരമായി ഞെട്ടുന്നുവെന്നും ശ്വാസമില്ലാതെ കരയുന്നുവെന്നും മാരം ഹുമൈദ് പറഞ്ഞു.

‘ചില രാത്രികളില്‍ തലയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പായുമ്പോഴും ബോംബുകള്‍ ആഞ്ഞടിക്കുമ്പോഴും നിങ്ങളുടെ മുഖങ്ങള്‍ അസ്വസ്ഥമാവുന്നുണ്ട്. ആ അസ്വസ്ഥത ഞങ്ങളോട് പല ചോദ്യങ്ങളും ഉത്തരങ്ങളും തേടുന്നതായി എനിക്ക് തോന്നുന്നു,’ മാരം ഹുമൈദ് പറഞ്ഞു.

‘ഞാന്‍ ഈ കത്തെഴുതുന്നത് സുരക്ഷിതമായ ഒരു ലോകത്ത് ഇരുന്ന് നിങ്ങള്‍ക്ക് കത്ത് വായിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ആ പ്രതീക്ഷ അനിശ്ചിതത്വത്തിലാണെന്ന് എനിക്കറിയാം. ഇന്നത്തെ സാഹചര്യം നിങ്ങളുടെ തലമുറയോട് കൂട്ടിച്ചേര്‍ക്കാനും നിങ്ങള്‍ക്കായി രേഖപെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു,’ മാരം ഹുമൈദ് കൂട്ടിച്ചേര്‍ത്തു.

കുഞ്ഞുങ്ങളുടെ കണ്ണിലേക്ക് നോക്കുമ്പോള്‍ ഫലസ്തീനിലെ അല്‍ ശിഫാ ആശുപത്രിയില്‍ മാസങ്ങളോളം പ്രായമുള്ള കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നത് താന്‍ ഓര്‍ത്തുപോവുന്നുവെന്നും മാരം ഹുമൈദ് കത്തില്‍ കുറിച്ചു.

ഏറ്റവും നിഷ്‌കളങ്കമായ ജീവനുകളുടെ ശ്മാശനമായി ലോകം മാറുകയാണെന്ന് മാരം ഹുമൈദ് പറഞ്ഞു. ഭൂമിയില്‍ അധിനിവേശം തുടരുന്ന ശക്തികളുടെ ആക്രമണത്തില്‍ കുഞ്ഞുങ്ങളുടെ അടുത്തേക്ക് എത്താന്‍ കഴിയാത്ത മാതാപിതാക്കളുടെ വേദനാജനകമായ കഥകള്‍ താന്‍ ഓര്‍ത്തുപോവുന്നുവെന്നും മാരം കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ചുറ്റുപാടും നടക്കുന്ന വിപത്തുകള്‍ മറന്ന് താത്കാലിക ടെന്റുകളില്‍ ഇരുന്ന് കളിച്ചുചിരിക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ കണ്ണ് നിറയുന്നുവെന്നും മാരം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇയാസിന്റെയും യെസ്സിന്റെയും സുരക്ഷയിലും ക്ഷേമത്തിലും മാതാപിതാക്കളായ തങ്ങള്‍ ആശങ്കയിലാണെന്ന് മാരം കത്തില്‍ ചേര്‍ത്തു.

കുഞ്ഞുങ്ങളുടെ മുത്തശ്ശിയുടെ വൃക്കരോഗത്തിന് കാരണമായത് മലിനമായ വെള്ളമാണെന്ന് ഡോക്ടര്‍ പറയുന്നത് വരെ നിര്‍ത്താതെയുള്ള കുഞ്ഞുങ്ങളുടെ കരച്ചില്‍ തങ്ങളെ അസ്വസ്ഥരാക്കിയിരുന്നുവെന്ന് മാരം ഹുമൈദ് പറഞ്ഞു. അറിവുണ്ടായിട്ടും എന്നാല്‍ ഒരു വഴിയില്ലാത്തതിനാലും ശുദ്ധമായ മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കാനും അവ തേടി പോകാനും മാരം ഹുമൈദും പങ്കാളിയും നിര്‍ബന്ധിതമായെന്നും കത്തില്‍ പറഞ്ഞു.

‘ഇത് എന്റെ അവസാനത്തെ കത്തായിരിക്കാം. നമ്മുടെ കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ മിണ്ടാതിരുന്നവരോട് ക്ഷമിക്കരുതെന്ന് ഓര്‍ക്കുക. ഗസയിലെ ജീവിതം എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ ജീവിക്കാനും സ്വപ്നം കാണാനും ഞങ്ങള്‍ ശ്രമിച്ചു. ഇപ്പോള്‍ നിങ്ങളെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വിഭാവനം ചെയ്ത ഓരോ നിമിഷത്തിന്റെയും നിഴലുകളില്‍ ഞങ്ങള്‍ പശ്ചാതപിക്കുന്നു,’ മാരം ഹുമൈദ് കത്തില്‍ കുറിച്ചു.

‘അരാജകത്വത്തിനിടയില്‍ പുഞ്ചിരിച്ച മുഖം നോക്കി നിങ്ങളുടെ രോഗാവസ്ഥ നിരീക്ഷിക്കുന്നത് എന്റെ ഹൃദയത്തെ തകര്‍ക്കുന്നു. ഇവിടെ നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ വിരളമാണ്. ഭാവി കൂടുതല്‍ പീഡനങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ,’ മാരം ഹുമൈദ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Al Jazeera journalist wrote a letter to children in the Israeli-Palestinian conflict

We use cookies to give you the best possible experience. Learn more