World News
'ഗസയില്‍ നിന്ന് ഉടന്‍ ഒഴിയണം': അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയ്ക്ക് ഭീഷണി സന്ദേശം
ജെറുസലേം: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഭീഷണി.
അല്‍ ജസീറ റിപ്പോര്‍ട്ടര്‍ യുംന അല്‍ സഈദിനാണ് ഇസ്രഈല്‍ സൈന്യത്തില്‍ നിന്നുമെന്ന് അവകാശപ്പെടുന്ന ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
ഒരു സ്വകാര്യ നമ്പറില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന് അല്‍ സഈദ് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗസയില്‍ ഇസ്രഈല്‍ ബോംബാക്രമണം ശക്തമാക്കുന്നതിനാല്‍ ഉടന്‍തന്നെ വീട് വിട്ട് പോകാനായിരുന്നു ഭീഷണി.
‘ഇത് ഇസ്രഈലി സൈന്യമാണ്. ഞങ്ങള്‍ നിങ്ങളോട് ഗസയില്‍ നിന്ന് പലായനം ചെയ്യാന്‍ പറയുന്നു . കാരണം വരും മണിക്കൂറുകളില്‍ നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് വലിയ അപകടം ഉണ്ടാവാന്‍ പോവുകയാണ്,’സ്‌ഫോടനങ്ങളുടെ ശബ്ദമുള്ള അന്തരീക്ഷത്തില്‍ നിന്നും അജ്ഞാതന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ടര്‍ അല്‍ സഈദ് പറഞ്ഞു.
അതേസമയം കെട്ടിടത്തില്‍ താമസിക്കുന്ന നൂറോളം പേര്‍ അടങ്ങുന്ന മറ്റ് ആറ് കുടുംബങ്ങള്‍ക്ക് ഫോണ്‍ കോളുകള്‍ ഒന്നും തന്നെ വന്നിട്ടില്ലായെന്ന് അവര്‍ സ്ഥിരീകരിച്ചു.
‘ഞങ്ങളെപ്പോലെ മറ്റ് ആറു കുടുംബങ്ങളില്‍ ആര്‍ക്കും ഇസ്രഈലി സൈന്യത്തില്‍ നിന്ന് മുന്നറിയിപ്പ് കോള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ ഇത് ഞങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള നേരിട്ടുള്ള ഭീഷണിയായിരുന്നു.
കനത്ത ബോംബാക്രമണത്തില്‍ വടക്കന്‍ ഗസയെ തെക്കുമായി ബന്ധിപ്പിക്കുന്ന സലാഹ് അല്‍ ദിന്‍ സ്ട്രീറ്റില്‍ ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ പണയപ്പെടുത്തി ഒഴിഞ്ഞുപോകാന്‍ മുതിരുന്നത് ശരിയായ തീരുമാനം ആയിരിക്കില്ല. ബോംബാക്രമണം നിരന്തരം നടക്കുമ്പോള്‍ എങ്ങനെ പലായനം സാധ്യമാകും? ഞങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ മറ്റു വഴികള്‍ ഒന്നുമില്ല,’അവര്‍ കൂട്ടിച്ചേര്‍ത്തു.
അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകന്‍ അല്‍ ദഹ്ദൂഹിന്റെ കുടുംബത്തെ ഇസ്രഈല്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശം അല്‍ജസീറയുടെ തന്നെ മാധ്യമപ്രവര്‍ത്തകയ്ക്ക് വരുന്നത് .
ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ദഹ്ദൂഹിന്റെ ഭാര്യ അംന (44), മകന്‍ മഹ്മൂദ് (16), മകള്‍ ഷാം(7), പേരക്കുട്ടി ആദം എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
നിലവില്‍ യുദ്ധ മേഖലയില്‍ 29 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സി.പി.ജെ (കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlight: Al Jazeera journalist gets threat calls from unknown number