അലഹബാദ്: അലഹബാദ് ഹൈക്കോടതി വിലക്കിയ തങ്ങളുടെ ‘ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് വിശദീകരണവുമായി അല്‍ ജസീറ.
ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തുവെന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസിനെക്കുറിച്ച് അല്‍ ജസീറ വിശദീകരിക്കുന്നത്.
അല്‍ ജസീറയുടെ പോയിന്റ് ബ്ലാങ്ക് അന്വേഷണ പരമ്പരയുടെ ഭാഗമായിട്ടാണ് ഡോക്യുമെന്ററി തയ്യറാക്കിയതെന്ന് അല്‍ ജസീറ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം, ആര്‍.എസ്.എസ് ക്യാമ്പുകളിലെ പരിശീലന സെഷനുകളുടെ വിശദാംശങ്ങള്‍, രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് ഡോക്യുമെന്ററി സംസാരിക്കുന്നുവെന്ന് അല്‍ ജസീറ പഞ്ഞു.
‘ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെയും അവരുടെ പിന്തുണയുള്ള തീവ്ര വലതുപക്ഷ സംഘടനയായ ആര്‍.എസ്.എസ് പോലുള്ള ഹിന്ദു മേല്‍ക്കോയ്മ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു.
ആര്‍.എസ്.എസ് ക്യാമ്പുകളിലെ പരിശീലന സെഷനുകളുടെ വിശദാംശങ്ങളും
ആര്‍.എസ്.എസില്‍ നിന്ന് പുറത്തുവന്ന ഒരാളുടെ അഭിമുഖവും ഡോക്യുമെന്റമെന്ററിയിലുണ്ട്
ബി.ജെ.പി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ ഏകദേശം 7,00,000 മുസ്‌ലിങ്ങളെ ലക്ഷ്യംവെച്ചുള്ള 2019ലെ പൗരത്വ നിയമത്തെക്കുറിച്ചും ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിങ്ങള്‍ തങ്ങളുടെ പൗരത്വം നഷ്ടമായേക്കാം എന്ന ഭയത്താലാണ് രാജ്യത്ത് ജീവിക്കുന്നത്.
ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ സാമ്പത്തികമായും സാമൂഹികമായും നിരാകരിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ അക്രമിക്കുന്നതിന് ഇന്ത്യയിലെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ വലിയ പ്രചരണങ്ങള്‍ നടത്തിയതായും ഞങ്ങളുടെ അന്വേഷണം വെളിപ്പെടുത്തുന്നു.
ഈ ആരോപണങ്ങളില്‍ ബി.ജെ.പി വക്താവിന്റെ പ്രതികരണവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ അല്‍ ജസീറ അറിയിച്ചു.
അതേസമയം, സംപ്രേക്ഷണം ചെയ്താല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെന്ന് ആരോപിച്ചാണ് ഡോക്യുമെന്ററി ഹൈക്കോടത് ഡോക്യമെന്ററി സ്‌റ്റേ ചെയ്തത്.
ജസ്റ്റിസ് അശ്വിനി കുമാര്‍മിശ്ര, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാകുന്നതും പൗരന്മാര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതുമാണ് ഡോക്യുമെന്ററി എന്ന് ആരോപിച്ച്സുധീര്‍ കുമാര്‍ എന്നയാളാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.
ഡോക്യുമെന്ററി വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാനും സാമൂഹിക അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക ജീവിതത്തെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ് പൊതുതാല്‍പര്യ ഹരജിയില്‍ പറയുന്നത്. ഹരജിയിലെ തുടര്‍വാദം കേള്‍ക്കാനായി കേസ് ജൂലൈ ആറിലേക്ക് മാറ്റിയിരുക്കുകയാണ്.
Content Highlight: Al Jazeera Explains About Its ‘India Who Lit The Fuse’ Documentary Banned By Allahabad High Court