| Friday, 3rd March 2023, 5:08 pm

റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം യു.എന്‍ വെട്ടിക്കുറച്ചു; പത്ത് ലക്ഷം അഭയാര്‍ത്ഥികള്‍ പട്ടിണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കി വന്ന സാമ്പത്തിക സഹായം ഐക്യരാഷ്ട്രസഭ വെട്ടിക്കുറച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന പത്ത് ലക്ഷത്തിലധികം വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ കടുത്ത പട്ടിണിയിലും ഭക്ഷ്യക്ഷാമത്തിലുമാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു.എന്നിന്റെ ആഗോള ഭക്ഷ്യ സുരക്ഷയിനത്തില്‍ നല്‍കി വന്ന സംഭാവനയില്‍ ഏകദേശം 125 മില്യണ്‍ യു.എസ് ഡോളറിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ആളൊന്നിന് നല്‍കി വന്ന 12 ഡോളര്‍ 10 ഡോളറായി കുറച്ചിട്ടുമുണ്ട്.

ലോകരാഷ്ട്രങ്ങള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നല്‍കിവരുന്ന പണത്തില്‍ ഇനിയും കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചത്.

ബംഗ്ലാദേശ് ക്യാമ്പുകളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് നിലവില്‍ സ്വയം തൊഴില്‍ ചെയ്യാനും വരുമാനം കണ്ടെത്താനും പരിമിതികളുണ്ട്. അത് കൊണ്ട് തന്നെ പട്ടിണി മരണവും പോഷകാഹാരക്കുറവും ഇവിടെ തുടര്‍ക്കഥയാണ്.

‘ഞങ്ങള്‍ക്ക് മറ്റ് വരുമാന മാര്‍ഗമൊന്നുമില്ല. ഇപ്പോള്‍ നല്‍കിയ റേഷനും വെട്ടിക്കുറച്ചിരിക്കുന്നു. എന്റെ മകനിപ്പോള്‍ ചോറ് കൊടുക്കാന്‍ പോലും എനിക്ക് കഴിയാറില്ല.

അവര്‍ നല്‍കിയിരുന്ന നട്ട് ക്രീമാണ് അവന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇപ്പോള്‍ അതും നിര്‍ത്തിയിരിക്കുന്നു. ഇനി എത്രകാലം അവന്‍ ജീവന്‍ നിലനിര്‍ത്തുമെന്ന് പറയാനൊക്കില്ല,’ ക്യാമ്പിലുള്ള റഹീല ബീഗം പറയുന്നു.

2017ലെ മ്യാന്‍മാര്‍ കൂട്ടക്കൊലകാലത്ത് ബോട്ടില്‍ കയറി രാജ്യം വിട്ട പത്ത് ലക്ഷത്തിനടുത്ത് റോഹിങ്ക്യന്‍ മുസ്‌ലിങ്ങളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നുന്നതെന്നാണ് യു.എന്നിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മ്യാന്‍മാര്‍ സര്‍ക്കാര്‍ ഇവരെ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് ബംഗ്ലാദേശ് സര്‍ക്കാരും നേരിടുന്നത്.

പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെ അടിയന്തര ഇടപെടലുണ്ടാവണമെന്ന് യു.എന്നിന്റെ മനുഷ്യാവകാശ സമിതി റിപ്പോര്‍ട്ടര്‍ ടോം ആന്‍ഡ്രൂസ് ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഭക്ഷണ സാധനങ്ങളുടെ വിതരണത്തില്‍ വരുത്തിയ കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ട്. റോഹിങ്ക്യന്‍ ജനതയെ സംബന്ധിച്ച് ഇതൊരു ജീവന്‍ മരണ പോരാട്ടമാണ്.

അന്താരാഷ്ട്ര സമൂഹത്തിന്റെ മനസാക്ഷിക്ക് നിരക്കാത്ത നടപടിയാണിത്. പോഷകാഹാരക്കുറവും രോഗങ്ങളും ഇതിനോടകം ക്യമ്പുകളില്‍ വ്യാപകമായിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Al jaseera report  U.N cut’s food fund for rohingyan refugees

We use cookies to give you the best possible experience. Learn more