സൗദി ടോപ്പ് ടയർ ഫുട്ബോൾ ലീഗായ സൗദി പ്രോ ലീഗിൽ മത്സരങ്ങൾ മുറുകുകയാണ്.
ഒറ്റ മത്സരം കൊണ്ട് തന്നെ പോയിന്റ് നില മാറിമറിയാവുന്ന ലീഗിൽ കടുത്ത ആവേശത്തിലേക്കാണ് മത്സരങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്.
പോർച്ചുഗീസ് ഇതിഹാസ താരമായ റൊണാൾഡോ പ്രോ ലീഗ് ക്ലബ്ബായ അൽ നസറിലേക്കെത്തിയതോടെയാണ് ലീഗിന് വമ്പിച്ച ജനപ്രീതി കൈവന്നത്.
കൂടാതെ റൊണാൾഡോയുടെ വരവോടെ അൽ നസറിന്റെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും വൻ തോതിൽ വർധിച്ചിരുന്നു.
ഇതോടെ ലീഗിലെ മറ്റ് വമ്പൻ ക്ലബ്ബുകളായ അൽ ഹിലാലും അൽ ഇത്തിഹാദും യൂറോപ്പിൽ നിന്നും സൂപ്പർ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
എന്നാൽ പ്രോ ലീഗ് ക്ലബ്ബായ അൽ ഇത്തിഹാദ് മെസി, ലൂക്കാ മോഡ്രിച്ച്, ഡി മരിയ എന്നീ സൂപ്പർ താരങ്ങളെ സൈൻ ചെയ്യാൻ തയ്യാറെടുക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
പ്രമുഖ അറബ് മാധ്യമ പ്രവർത്തകനായ മുത്താബ് ബിൻ അബ്ദുല്ലയാണ് മെസിയടക്കമുള്ള സൂപ്പർ താരങ്ങളെ വാങ്ങാൻ അൽ ഇത്തിഹാദ് തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.
സൗദിയിലെ ജിദ്ദ ആസ്ഥാനമാക്കി രൂപം കൊണ്ട ക്ലബ്ബാണ് അൽ ഇത്തിഹാദ്.
പ്രോ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ക്ലബ്ബിന് ലീഗിലും ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും അപ്രമാദിത്യം പുലർത്താനാണ് മെസി, മോഡ്രിച്ച്, ഡി മരിയ അടക്കമുള്ള സൂപ്പർ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നത് എന്നാണ് മുത്താബ് ബിൻ അബ്ദുല്ല റിപ്പോർട്ട് ചെയ്യുന്നത്.
ഈ സീസൺ അവസാനത്തോടെ തങ്ങളുടെ ക്ലബ്ബുകളിലെ കരാർ അവസാനിക്കുന്ന മൂന്ന് താരങ്ങളെയും സ്വന്തമാക്കാൻ പറ്റിയ അവസരമായാണ് അൽ ഇത്തിഹാദ് അടുത്ത ട്രാൻസ്ഫർ വിൻഡോയെ കാണുന്നത്.
അതേസമയം പ്രോ ലീഗിൽ 21 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 50 പോയിന്റോടെ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ ഇത്തിഹാദ്.