ബെന്‍സെമെയിലും കാന്റേയിലും നിര്‍ത്താതെ ഇത്തിഹാദ്; കോടികളെറിഞ്ഞ് ലക്ഷ്യം വെക്കുന്നത് പ്രീമിയര്‍ ലീഗ് മാണിക്യത്തെ
Sports News
ബെന്‍സെമെയിലും കാന്റേയിലും നിര്‍ത്താതെ ഇത്തിഹാദ്; കോടികളെറിഞ്ഞ് ലക്ഷ്യം വെക്കുന്നത് പ്രീമിയര്‍ ലീഗ് മാണിക്യത്തെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th September 2023, 4:04 pm

 

യൂറോപ്പില്‍ നിന്നും മുഹമ്മദ് സലയെ സൗദിയിലെത്തിക്കാന്‍ അവസാന ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചെങ്കിലും സൗദിയില്‍ സെപ്റ്റംബര്‍ ഏഴ് വരെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണ്‍ ആണ്.

ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സൗദിയുടെ ഈ നീക്കം. സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദാണ് ലിവര്‍പൂള്‍ സൂപ്പര്‍ താരത്തിന്റെ പുറകെയുള്ളത്.

നേരത്തെ സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദ് സലക്ക് വേണ്ടി 150 മില്യണ്‍ ബിഡ് വെച്ചിരുന്നു എന്നാല്‍ അത് ലിവര്‍പൂള്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരത്തിനായി 215 മില്യണ്‍ തുകയുടെ ബിഡ് മുന്നോട്ട് വെച്ചുവെന്നാണ് ഐസ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടുത്ത സമ്മറോടുകൂടി താരത്തിന്റെ നിലവിലെ കരാറില്‍ ഒരു വര്‍ഷം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.

എ. എസ്. റോമയില്‍ നിന്നും 2016 ലാണ് മുഹമ്മദ് സലാ ലിവര്‍പൂളില്‍ എത്തുന്നത്. 31 കാരനായ താരം നിലവില്‍ ലിവര്‍പൂളിന് വേണ്ടി 298 മത്സരങ്ങളില്‍ നിന്ന് 183 ഗോളുകളും 81 അസിസ്റ്റുകളും നേടിയിട്ടുണ്ട്. യര്‍ഗന്‍ ക്ലോപ്പിന്റെ ടീമിലെ നിര്‍ണായക സാന്നിധ്യമാണ് സല.

ലിവര്‍പൂളിനോപ്പം പ്രീമിയര്‍ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, എഫ്. എ. കപ്പ്, കാരബാവോ കപ്പ് തുടങ്ങിയ കിരീടങ്ങള്‍ എല്ലാം താരം നേടിയിട്ടുണ്ട്. ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി നാല് മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സലാ സ്വന്തമാക്കിയിട്ടുണ്ട്.

നിലവില്‍ നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഒരു സമനിലയുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.

എന്‍ഗോളോ കാന്റെ, കരിം ബെന്‍സെമ, ഫാബിഞ്ഞോ, ജോട്ട തുടങ്ങിയ ഒരുപിടി മികച്ച താരങ്ങളെ അല്‍ ഇത്തിഹാദ് നേരത്തെ യൂറോപ്പില്‍ നിന്നും സ്വന്തമാക്കിയിരുന്നു. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയുമായി സൗദി പ്രോ ലീഗില്‍ മൂന്നാം സ്ഥാനത്താണ് ടീമുള്ളത്.

 

സൗദിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യൂറോപ്പില്‍ നിന്നും മറ്റൊരു വമ്പന്‍ ട്രാന്‍സ്ഫര്‍ നടക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബാള്‍ ലോകം.

 

 

Content Highlight: Al Ittihad to sign Mohammed Salah