| Tuesday, 3rd October 2023, 1:14 pm

'സൗദിയുടെ ശത്രു കാസിം സുലൈമാനിയുടെ' മുമ്പില്‍ കളിക്കില്ല; ഇറങ്ങിപ്പോയി അല്‍ ഇത്തിഹാദ്, ബഹിഷ്‌കരണം കാണികള്‍ നോക്കിനില്‍ക്കെ

സ്പോര്‍ട്സ് ഡെസ്‌ക്

എ.എഫ്.സി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മത്സരം ബഹിഷ്‌കരിച്ച് അല്‍ ഇത്തിഹാദ്. ഇറാനിയന്‍ ടീമായ സെപഹനെതിരായ മത്സരമാണ് ഇത്തിഹാദ് ബഹിഷ്‌കരിച്ചത്. എതിരാളികളുടെ ഹോം ഗ്രൗണ്ടില്‍ 60,000ലധികം വരുന്ന കാണികള്‍ക്ക് മുമ്പില്‍ വെച്ചാണ് സൗദി ടീം മത്സരം കളിക്കാന്‍ വിസമ്മതിച്ചത്.

മൂന്ന് വര്‍ഷം മുമ്പ് വധിക്കപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് ഓഫ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് തലവനും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ മേജര്‍ ജനറലുമായ കാസിം സുലൈമാനിയുടെ പ്രതിമയുള്ളതിനാലാണ് അല്‍ ഇത്തിഹാദ് മത്സരം കളിക്കാന്‍ വിസമ്മതിച്ചതെന്നാണ് മുണ്ടോ ഡിപ്പോര്‍ട്ടീവോയെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാസിം സുലൈമാനിയെ ‘ശത്രുവായാണ്’ സൗദി അറേബ്യ കണക്കാക്കുന്നത്.

കരീം ബെന്‍സിമ, എന്‍ഗോളോ കാന്റെ, ഫാബീഞ്ഞോ എന്നിവര്‍ അല്‍ ഇത്തിഹാദ് നിരയില്‍ അണിനിരക്കുന്നു എന്നതിനാല്‍ നാഗ്ഷ്-ഇ-ജഹാന്‍ സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ഏതാണ്ട് 60,000ലധികം ആളുകള്‍ മത്സരം കാണാനെത്തിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.

അല്‍ ഇത്തിഹാദ് കളത്തിലിറങ്ങാന്‍ വിസമ്മതിച്ചതിന് പിന്നാലെ അരമണിക്കൂറിന് ശേഷം ‘അപ്രതീക്ഷിതമായ കാരണങ്ങളാല്‍’ മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചതായി എ.എഫ്.സി പ്രസ്താവനയിറക്കിയിരുന്നു.

‘കളിക്കാരുടെയും മറ്റ് ഒഫീഷ്യല്‍സിന്റെയും കളി കാണാനെത്തിയവരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ എ.എഫ്.സി പ്രതിജ്ഞാബദ്ധരാണ്. ഈ വിഷയം പ്രസക്ത കമ്മിറ്റികള്‍ക്ക് കൈമാറും,’ പ്രസ്താവനയില്‍ പറഞ്ഞു.

മറ്റേതെങ്കിലും ന്യൂട്രല്‍ വേദിയില്‍ ഈ മത്സരം കളിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

2016ല്‍ ഒരു ഷിയ പുരോഹിതന്റെ വധത്തിന് പിന്നാലെയാണ് സൗദി-ഇറാന്‍ നയതന്ത്ര ബന്ധം വഷളായത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയായിരുന്നു.

അല്‍ നസര്‍ ടെഹ്‌റാനിലെത്തി പെര്‍സപൊലിനെതിരെ കളിച്ചതും അല്‍ ഇത്തിഹാദ് സെപഹനെതിരെ കളിക്കാന്‍ ഇസ്ഫഹാനിലെത്തിയതുമെല്ലാം ഈ മഞ്ഞുരുകലിന്റെ ഫലമായിട്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള സംഭവവികാസങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് ഉറപ്പില്ല.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഇത്തിഹാദിന്റെ രണ്ടാം മത്സരമായിരുന്നു നാഗ്ഷ്-ഇ-ജഹാന്‍ സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്നത്. ആദ്യ മത്സരത്തില്‍ അല്‍ ഇത്തിഹാദ് എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചിരുന്നു. പ്രിന്‍സ് അബ്ദുള്ള അല്‍ ഫൈസല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ ടീമായ എ.ജി.എം.കെയെ ആയിരുന്നു അല്‍ ഇത്തിഹാദ് തകര്‍ത്തുവിട്ടത്.

Content Highlight: Al Ittihad refused to play against FC Sepahan

We use cookies to give you the best possible experience. Learn more