ഒറ്റ തോല്‍വിയില്‍ ബെന്‍സിമക്ക് നഷ്ടമായത് ചരിത്രനേട്ടം
Football
ഒറ്റ തോല്‍വിയില്‍ ബെന്‍സിമക്ക് നഷ്ടമായത് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th December 2023, 9:53 am

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ ഇത്തിഹാദ് പുറത്ത്. അല്‍ അഹ്ലി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ ഇത്തിഹാദിനെ തകര്‍ത്തത്.

സൗദി ക്ലബ്ബിനുവേണ്ടി സൂപ്പര്‍താരങ്ങളായ കരിം ബെന്‍സിമ, എന്‍ഗോലോ കാന്റെ, ഫാബിഞ്ഞോ എന്നിവര്‍ ഇറങ്ങിയിട്ടും തോല്‍വി നേരിട്ടത് എറെ ശ്രദ്ധേയമായി. ഇതിന് മുമ്പ് അഞ്ച് തവണ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് സ്വന്തമാക്കിയ ബെന്‍സിമക്ക് ആറാം ക്ലബ്ബ് ലോകകപ്പ് കിരീടമാണ് ഇതോടെ നഷ്ടമായത്.

ഏറ്റവും കൂടുതല്‍ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് നേടുന്ന തരാമെന്ന ടോണി ക്രൂസിന്റെ നേട്ടത്തിനൊപ്പമെത്താന്‍ ബെന്‍സിമക്ക് സാധിക്കുമായിരുന്നു. ഈ സുവര്‍ണ്ണാവസരമാണ് ബെന്‍സിമക്കും കൂട്ടര്‍ക്കും നഷ്ടമായത്.

അല്‍ ഇത്തിഹാദിന്റെ തട്ടകമായ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും 4-3-3 എന്ന ഫോര്‍മേഷനിലാണ് അണിനിരന്നത്.

മത്സരത്തിന്റെ 21ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് അലി മാലുയ് ആണ് അല്‍ അഹ്ലിയുടെ ആദ്യ ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ ഹുസൈന്‍ എല്‍ ഷഹദ് അല്‍ അഹ്ലിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 62ാം മിനിട്ടില്‍ ഇമാം അഷൂര്‍ മൂന്നാം ഗോളും നേടിയതോടെ അല്‍ അഹ്ലി മത്സരം പൂര്‍ണമായും പിടിച്ചെടുക്കുകയായിരുന്നു.

ഇഞ്ചുറി ടൈമില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമയുടെ വകയായിരുന്നു അല്‍ ഇത്തിഹാദിന്റെ ആശ്വാസഗോള്‍ പിറന്നത്. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ അല്‍ ഇത്തിഹാദ് സ്വന്തം മണ്ണില്‍ 3-1ന്റെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

സൗദി പ്രോ ലീഗില്‍ ഡിസംബര്‍ 23ന് അല്‍ റെയ്ദിനെതിരെയാണ് അല്‍ ഇത്തിഹാദിന്റെ അടുത്ത മത്സരം.

Content Highlight: Al Ittihad out of the Fifa club world cup.