തങ്ങളുടെ പുതിയ മാനേജരായി ചുമതലയേല്‍ക്കാന്‍ സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ ഇതിഫാഖ് ലിവര്‍പൂള്‍ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. റോയ്‌ട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2016ല്‍ എം.എല്‍.എസ് ക്ലബ്ബായ എല്‍.എ ഗാലക്‌സിയില്‍ തുടരവെ പ്രൊഫഷണല്‍ ഫുട്‌ബോളിനോട് വിട പറഞ്ഞ ജെറാര്‍ഡ് പല ക്ലബ്ബുകളെയും ഇതിനോടകം തന്നെ പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ പുതിയ ടീമിനെ സജ്ജമാക്കാനും കിരീടം നേടാനുമാണ് ഇതിഫാഖ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ റേഞ്ചേഴ്‌സിനെ പരിശീലിപ്പിച്ച ഈ ഇതിഹാസ മിഡ് ഫീല്‍ഡര്‍ പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ പരിശീലകസ്ഥാനവുമേറ്റെടുത്തിട്ടുണ്ട്.
അല്‍ ഇതിഫാഖ് തങ്ങളുടെ പരിശീലക സ്ഥാനമേറ്റെടുത്താന്‍ ജെറാര്‍ഡിനെ സമീപിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
‘അല്‍ ഇതിഫാഖ് ജെറാര്‍ഡിന് മുമ്പില്‍ ഒരു ഓഫര്‍ വെച്ചിട്ടുണ്ട്. അദ്ദേഹം ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും ഓഫര്‍ പരിഗണിക്കാന്‍ സമയമാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്,’ വൃത്തങ്ങളെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ എല്‍ എക്വിപ്പെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജെറാര്‍ഡ് ഈ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ സൗദി പ്രോ ലീഗിനും അല്‍ ഇതിഫാഖിനും നല്‍കുന്ന ഡ്രൈവിങ് ഫോഴ്‌സ് ചില്ലറയായിരിക്കില്ല.
അതേസമയം, ലയണല്‍ മെസിയെ സൈന്‍ ചെയ്യാന്‍ സാധിക്കാതെ പോയ അല്‍ ഹിലാല്‍ മറ്റു പല നീക്കങ്ങളും അണിയറയില്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെയാണ് അല്‍ ഹിലാല്‍ ലക്ഷ്യം വെക്കുന്നത്.
നെയ്മറിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുന്നതിനായി അല്‍ ഹിലാല്‍ പി.എസ്.ജിയുമായി ചര്‍ച്ച നടത്തുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഫുട്‌ബോള്‍ ലെജന്‍ഡ് റൊണാള്‍ഡോക്ക് അല്‍ നസറില്‍ നിന്ന് ലഭിക്കുന്നതിന് സമാനമായ 200 മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഹിലാല്‍ നെയ്മറിന് മുമ്പില്‍ വെക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Al Itifaq wants Steven Gerrard to take over as manager – Reports