സൗദി സൂപ്പര്‍ കപ്പ് സ്വന്തമാക്കി അല്‍ ഹിലാല്‍. ഫൈനലില്‍ അല്‍ ഇത്തിഹാദിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ തകര്‍ത്തു വിട്ടത്.
മുഹമ്മദ് ബിന്‍ സിയാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനില്‍ ആണ് അല്‍ ഇത്തിഹാദ് കളത്തില്‍ ഇറങ്ങിയത്. 4-2-3-1 എന്ന ശൈലിയായിരുന്നു അല്‍ ഹിലാല്‍ പിന്തുടര്‍ന്നത്.
മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ മാല്‍കോം ആണ് അല്‍ ഹിലാലിനായി ഗോളടി മേളം തുടങ്ങിയത്. 21ാം മിനിട്ടില്‍ അബ്ദുല്‍ റസാഖ് ഹംദള്ളാഹിലൂടെ അല്‍ ഹിലാല്‍ മറുപടി ഗോള്‍ നേടി.
എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സലിം അല്‍ദാസ്വരി അല്‍ ഹിലാലിനായി രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അല്‍ ഹിലാല്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ അല്‍ ഇത്തിഹാദ് വെച്ച് നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 89ാം മിനിട്ടില്‍ മാല്‍ക്കോമിലൂടെ അല്‍ ഹിലാല്‍ മൂന്നാം ഗോളും ഇഞ്ചുറി ടൈമില്‍ നാസര്‍ അയ്ഡസ്വാരി നാലാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും അല്‍ ഹിലാല്‍ സ്വന്തമാക്കുകയായിരുന്നു.
എ.എഫ്.എസി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഏപ്രില്‍ 16ന് അല്‍ അയ്‌നിനെതിരെയാണ് അല്‍ ഹിലാലിന്റെ അടുത്ത മത്സരം. മറുഭാഗത്ത് സൗദി പ്രോ ലീഗില്‍ ഏപ്രില്‍ 20ന് അല്‍ ഹസാമാണ് അല്‍ ഇത്തിഹാദിന്റെ എതിരാളികള്‍.