| Tuesday, 7th November 2023, 9:04 am

നെയ്മര്‍ ഇല്ലെങ്കില്‍ എന്താ! രണ്ട് കളിയിലും മുംബൈയെ തരിപ്പണമാക്കി അല്‍ ഹിലാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈക്ക് തുടര്‍ച്ചയായ നാലാം തോല്‍വി. സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തിയത്.

മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഡി.വൈ പാറ്റ്ലി സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-3 എന്ന ഫോര്‍മേഷനിലാണ് മുംബൈ അണിനിരന്നത്. മറുഭാഗത്ത് 4-2-3-1 ശൈലിയായിരുന്നു അല്‍ ഹിലാല്‍ പിന്തുടര്‍ന്നത്.

ആദ്യപകുതിയില്‍ അല്‍ ഹിലാല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തിന്റെ 54ാം മിനിട്ടില്‍ മുംബൈ താരം മെഹ്താബ് ഹുസൈന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീടുള്ള നിമിഷങ്ങളില്‍ മുംബൈ പത്ത് പേരായി ചുരുങ്ങുകയായിരുന്നു. ഇത് കൃത്യമായി മുതലെടുക്കാന്‍ അല്‍ ഹിലാലിന് സാധിച്ചു.

മത്സരത്തിന്റെ 64ാം മിനിട്ടില്‍ മിഖായലിലൂടെയാണ് അല്‍ ഹിലാല്‍ ആദ്യ ഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും മികച്ച ഒരു ഹെഡറിലൂടെയാണ് താരം ഗോള്‍ നേടിയത്.

മത്സരത്തിന്റെ 85ാം മിനിട്ടില്‍ അലക്‌സാണ്ടര്‍ മിട്രൊവിച്ച് രണ്ടാം ഗോള്‍ നേടി. വലതു ഭാഗത്ത് നിന്നുള്ള ക്രോസിന് തലവെച്ച താരം പന്ത് മുംബൈയുടെ വലയില്‍ എത്തിക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മുംബൈ 2-0ത്തിന് സ്വന്തം ആരാധകരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

സൂപ്പര്‍ താരം നെയ്മര്‍ പരിക്ക് കാരണം പുറത്തായതൊന്നും അല്‍ ഹിലാലിനെ ബാധിച്ചിട്ടില്ലെന്ന നിലയിലായിരുന്നു ടീമിന്റെ പ്രകടനം. എന്നാല്‍ മുംബൈ സിറ്റിക്ക് എതിരാളികളുടെ പോസ്റ്റിലേക്ക് ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും നേടാന്‍ സാധിച്ചില്ല.

ഇതിന് മുമ്പ് അല്‍ ഹിലാലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് ഗോളുകള്‍ക്കായിരുന്നു അല്‍ ഹിലാല്‍ മുംബൈയെ തകര്‍ത്തത്. ഇപ്പോഴിതാ മുംബൈയിലും ഈ മിന്നും പ്രകടനം അല്‍ ഹിലാല്‍ ആവര്‍ത്തിച്ചത് ഏറെ ശ്രദ്ധേയമായി. രണ്ട് മത്സരങ്ങളിലുമായി എട്ട് ഗോളുകളാണ് മുംബൈയുടെ പോസ്റ്റിലേക്ക് സൗദി ക്ലബ്ബ് അടിച്ചു കയറ്റിയത്.

ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു സമനിലയും അടക്കം പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍. അതേസമയം നാല് തോല്‍വിയുമായി പോയിന്റൊന്നുമില്ലാതെ അവസാനസ്ഥാനത്താണ് മുംബൈ.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ 28ന് നസാജി മസന്‍ന്ദരാനുമായാണ് മുംബൈയുടെ അടുത്ത മത്സരം.

അതേസമയം സൗദി പ്രോ ലീഗില്‍ അല്‍ ഹിലാല്‍ അല്‍ ടാവൗണിനെ നേരിടും.

Content Highlight: AL Hilal won against Mumbai fc in AFC Champions league.

We use cookies to give you the best possible experience. Learn more