| Saturday, 1st June 2024, 8:24 am

പൊട്ടിക്കരഞ്ഞ് റൊണാൾഡോ, എതിരാളികൾ ഒമ്പത് പേരായിട്ടും അൽ നസർ വീണു; സൗദിയിൽ അൽ ഹിലാലിന്റെ രാജവാഴ്ച

സ്പോര്‍ട്സ് ഡെസ്‌ക്

2023-24 കിങ്സ് കപ്പ് സ്വന്തമാക്കി അല്‍ ഹിലാല്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസറിനെ പെനാല്‍ട്ടിയില്‍ 5-4 എന്ന സ്‌കോറിന് വീഴ്ത്തിയാണ് അല്‍ ഹിലാല്‍ സീസണിലെ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. നേരത്തെ സൗദി പ്രോ ലീഗ് കിരീടം അല്‍ ഹിലാല്‍ തങ്ങളുടെ ഷെല്‍ഫില്‍ എത്തിച്ചിരുന്നു.

സൗദി പ്രൊ ലീഗിൽ 34 മത്സരങ്ങളില്‍ നിന്നും 31 വിജയവും മൂന്നു സമനിലയുമടക്കം 96 പോയിന്റോടെ സീസണില്‍ തോല്‍വിയറിയാതെയാണ് അല്‍ ഹിലാല്‍ സൗദി ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിയത്.

എന്നാല്‍ 26 മത്സരങ്ങളില്‍ നിന്ന് നാലു വീതം വിജയവും തോല്‍വിയുമായി 82 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്താനെ അല്‍ നസറിന് സാധിച്ചിരുന്നത്.

ലീഗ് കിരീടം നഷ്ടമായ അല്‍ നസറിന് കിങ്സ് കപ്പ് നേടിക്കൊണ്ട് സീസണ്‍ അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ഇവിടെ നഷ്ടമായത്.

കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴാം മിനിട്ടില്‍ തന്നെ അലക്‌സാണ്ടര്‍ മിട്രോവിച്ചിലൂടെ ആണ് ആദ്യം ലീഡ് നേടിയത്. ഗോള്‍ തിരിച്ചടിക്കാന്‍ മികച്ച നീക്കങ്ങള്‍ ആദ്യപകുതിയില്‍ നടത്തിയ നസറിനെ ഗോള്‍ വല കുലുക്കാന്‍ സാധിച്ചില്ല.

രണ്ടാം പകുതി തുടങ്ങി 56ാം മിനിട്ടില്‍ അല്‍ നസര്‍ താരം ഡേവിഡ് ഓസ്പിന ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. ബാക്കിയുള്ള നിമിഷങ്ങളില്‍ 10 പേരുമായാണ് അല്‍ നസര്‍ പന്തുതട്ടിയത്.

ഒടുവില്‍ 88ാം മിനിട്ടില്‍ അയ്മന്‍ യഹ്യയിലൂടെ അല്‍ നസര്‍ സമനില ഗോള്‍ നേടുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മത്സരം കയ്യാകളിയിലേക്ക് നീങ്ങുകയായിരുന്നു.

അല്‍ ഹിലാല്‍ താരങ്ങളായ അലി അല്‍ബുലായ്ഹി 87 മിനിട്ടിലും കലിദൂ കൗലിബാലി 90ാം മിനിട്ടിലും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. ഒടുവില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.

എക്‌സ്ട്രാ ടൈമില്‍ ഒമ്പത് താരങ്ങളുമായാണ് അല്‍ ഹിലാല്‍ കളിച്ചത്. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും സാധിക്കാതെ പോവുകയായിരുന്നു.

Content Highlight: Al Hilal won 2023 Kings cup

We use cookies to give you the best possible experience. Learn more