യൂറോപ്പിലെ ഗോട്ടായാല്‍ മതിയോ, സൗദിയിലേയും ഗോട്ടാകണ്ടേ! മെസിയെ കാശെറിഞ്ഞ് വീഴ്ത്താന്‍ സൂപ്പര്‍ ക്ലബ്ബ്, ഓഫര്‍ ക്രിസ്റ്റ്യാനോയേക്കാള്‍ തുക
Sports News
യൂറോപ്പിലെ ഗോട്ടായാല്‍ മതിയോ, സൗദിയിലേയും ഗോട്ടാകണ്ടേ! മെസിയെ കാശെറിഞ്ഞ് വീഴ്ത്താന്‍ സൂപ്പര്‍ ക്ലബ്ബ്, ഓഫര്‍ ക്രിസ്റ്റ്യാനോയേക്കാള്‍ തുക
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th March 2023, 6:30 pm

ഈ സമ്മറില്‍ പി.എസ്.ജിയുമായി കരാര്‍ അവസാനിക്കുന്ന മെസിയെ കാശെറിഞ്ഞ് തട്ടകത്തിലെത്തിക്കാന്‍ സൗദി പ്രോ ലീഗ് ടീം അല്‍ – ഹിലാല്‍. ടീം താരത്തിനായി വമ്പന്‍ ഓഫര്‍ മുന്നോട്ട് വെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ സമ്മറില്‍ പാരീസ് വമ്പന്‍മാരായുള്ള മെസിയുടെ കരാര്‍ അവസാനിക്കും. താരം പി.എസ്.ജിയുമായി കരാര്‍ പുതുക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

മെസിയെ ബാഴ്‌സ വീണ്ടും ടീമിലെത്തിക്കുമെന്നും എന്നാല്‍ ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മിയാമിയുമായി താരം കരാറില്‍ ഏര്‍പ്പെടുമെന്നുമെല്ലാം ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്.

 

ഈ സാഹചര്യത്തിലാണ് അല്‍ നസറിന്റെ ചിരവൈരികളായ അല്‍ ഹിലാല്‍ മെസിക്കായി കരാറുമായി രംഗത്തെത്തിയത്. പ്രതിവര്‍ഷം 200 മില്യണ്‍ പ്രതിഫലം വാങ്ങുന്ന റൊണാള്‍ഡോയേക്കാള്‍ അധികം തുകയാണ് അല്‍ – ഹിലാല്‍ മെസിക്കായി വാഗ്ദാനം ചെയ്യുന്നതെന്നാണ് എല്‍ എക്വിപ്പെ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റൊണാള്‍ഡോ അല്‍ നസറുമായി കരാറിലെത്തിയതിന് പിന്നാലെ അല്‍ ഹിലാല്‍ മെസിയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെസിയുടെ പേരെഴുതിയ അല്‍ – ഹിലാല്‍ ജേഴ്‌സികളും മറ്റ് മെര്‍ച്ചെന്‍ഡൈസുകളും വില്‍പനക്കെത്തിച്ചതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് മൂര്‍ച്ചയേറി. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല.

അതേസമയം, മെസിയെ സ്വന്തമാക്കാന്‍ എന്തുവില കൊടുക്കാനും തങ്ങള്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ഇന്റര്‍ മിയാമിയും രംഗത്തെത്തിയിരുന്നു. ടീമിന്റെ സഹ ഉടമയായ ജോര്‍ജ് മാസയാണ് മെസിക്കായി വമ്പന്‍ തുക മുടക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്.

വരുന്ന സീസണില്‍ ലയണല്‍ മെസിയെ സ്വന്തമാക്കുക എന്നതാണ് മാസയുടെ ലക്ഷ്യം. മെസി പി.എസ്.ജിയില്‍ ചേരുന്നതിന് മുമ്പ് തന്നെ ഇന്റര്‍ മിയാമി താരവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പാരീസിയന്‍സുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കെ മെസിയുടെ പ്രതിനിധികളുമായി മാസ സജീവ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഖത്തര്‍ ലോകകപ്പിനിടെയും മാസ താരത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ച് മെസി തന്റെ തീരുമാനങ്ങള്‍ ഒന്നും അറിയിച്ചിട്ടില്ല. ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി താരത്തിന്റെ കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ ബാഴ്‌സ പ്രസിഡന്റ് ജോവാന്‍ ലപോര്‍ട്ടയുമായി പിണങ്ങിയാണ് താരം ടീം വിട്ടതെന്നും മെസിക്ക് ബാഴ്‌സയിലേക്ക് ഒരു തിരിച്ചുപോക്കിന് സാധ്യതകളില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

Content highlight: Al-Hilal with huge offer for Messi, report