ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് വിരമിച്ച ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ രംഗത്തുണ്ടായിരുന്നു. യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മെസി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ കളിക്കാനായിരുന്നു മെസി തീരുമാനിച്ചത്.
മെസിയെ നഷ്ടപ്പെട്ടതോടെ അല്‍ ഹിലാല്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനെ സ്വന്തമാക്കാനൊരുങ്ങാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ബ്രസീലിന്റെ തന്നെ മറ്റൊരു സൂപ്പര്‍ താരമായ റഫീഞ്ഞയെ നോട്ടമിട്ട് അല്‍ ഹിലാല്‍ രംഗത്തുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ബാഴ്‌സലോണയില്‍ ബൂട്ടുകെട്ടുന്ന താരത്തെ സ്വന്തമാക്കുന്നതിനായി അല്‍ ഹിലാല്‍ സ്പാനിഷ് ക്ലബ്ബുമായി ചര്‍ച്ച നടത്തുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന മൂല്യം ലഭിച്ചാല്‍ ബാഴ്‌സ താരത്തെ വില്‍ക്കാന്‍ തയ്യാറാണെന്നും പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോര്‍ട്ടിവോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബ്രസീലിയന്‍ താരം ലീഡ്സ് യുണൈറ്റഡില്‍ നിന്ന് ബാഴ്സലോണയിലേക്കെത്തിയത്. എന്നാല്‍ ബാഴ്സയുടെ പ്രതീക്ഷക്കൊത്തുയരാന്‍ താരത്തിന് സാധിച്ചില്ല. ബ്ലൂഗ്രാനക്കായി ഇതുവരെ കളിച്ച മത്സരങ്ങളില്‍ 43 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകളും 10 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.
വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്സലോണ റഫീഞ്ഞയെ പുറത്താക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അല്‍ ഹിലാലിന് പുറമെ റഫീഞ്ഞയെ സ്വന്തമാക്കാന്‍ ആഴ്‌സണല്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Al Hilal wants to sign with Raphinha