നെയ്മര്‍ സൗദിയിലേക്ക്? അല്‍ ഹിലാലിന്റെ ഓഫര്‍ സ്വീകരിച്ച് പി.എസ്.ജി
Sports News
നെയ്മര്‍ സൗദിയിലേക്ക്? അല്‍ ഹിലാലിന്റെ ഓഫര്‍ സ്വീകരിച്ച് പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th August 2023, 8:40 pm

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. നെയ്മറിന്റെ മുന്‍ ക്ലബ്ബായ ബാഴ്സലോണയും അല്‍ ഹിലാലുമാണ് താരത്തെ സൈന്‍ ചെയ്യാന്‍ മുന്‍പന്തിയിലുള്ളത്.
സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ക്ലബ് വിടാനുള്ള താത്പര്യം നെയ്മര്‍ പി.എസ്.ജിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അല്‍ഹിലാലുമായി പി.എസ്.ജി ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സൗദി ക്ലബോ നെയ്മറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കന്‍ ലീഗായ എം.എല്‍.എസില്‍ നിന്നും നെയ്മറെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അല്‍ ഹിലാല്‍ താരത്തെ സ്വന്തമാക്കാനുള്ള സാധ്യതയാണ് കൂടുതലെന്നുമാണ് പ്രമുഖ ജേര്‍ണലിസ്റ്റും ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ എക്‌സ്‌പേര്‍ട്ടുമായ ഫാബ്രിസിയോ റൊമാനൊ റിപ്പോര്‍ട്ട് ചെയ്തത്.

2017ലാണ് റെക്കോഡ് തുകക്ക് പി.എസ്.ജി ബാഴ്‌സയില്‍ നിന്ന് നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന നെയ്മര്‍ക്ക് ലോകകപ്പിന് ശേഷം മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് നെയ്മറെ ക്ലബ്ബില്‍ നിന്ന് പുറത്താക്കാന്‍ പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നെയ്മര്‍ക്ക് പി.എസ്.ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ കരാര്‍ തീരുന്നതുവരെ ക്ലബ്ബില്‍ തുടരില്ലെന്നും ഈ മാസം തന്നെ ക്ലബ്ബ് വിടണമെന്നാണ് ആഗ്രഹമെന്നും നെയ്മര്‍ പി.എസ്.ജിയെ അറിയിച്ചതായി നേരത്തെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ക്ലബ്ബില്‍ തുടരണമെങ്കില്‍ നെയ്മറെ പുറത്താക്കണമെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നെന്നും തുടര്‍ന്നാണ് നെയ്മര്‍ തന്റെ തീരുമാനം പി.എസ്.ജിയെ അറിയിച്ചതെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Content Highlights: Al Hilal wants to sign with PSG super star Neyma Jr