ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് വിരമിച്ച ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ രംഗത്തുണ്ടായിരുന്നു. യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മെസി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആരാധകരെ ഞെട്ടിച്ച് കൊണ്ട് മെസി തന്റെ തീരുമാനം അറിയിക്കുകയായിരുന്നു.
അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാനൊരുങ്ങുന്ന വിവരം മെസി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. 400 മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരുന്നത്.
എന്നാല്‍ സൗദി ക്ലബ്ബിന്റെ ഓഫര്‍ നിരസിച്ച മെസി ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും താരത്തെ സൈന്‍ ചെയ്യിക്കാന്‍ ബ്ലൂഗ്രാനക്ക് സാധിച്ചില്ല. തുടര്‍ന്നാണ് മെസി ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബിന്റെ ഓഫര്‍ സ്വീകരിച്ചത്.
മെസിയെ നഷ്ടപ്പെട്ടതോടെ അല്‍ ഹിലാല്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനെ സ്വന്തമാക്കാനൊരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇതിനായി അല്‍ ഹിലാല്‍ പി.എസ്.ജിയുമായി ചര്‍ച്ച നടത്തുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് അല്‍ നസറില്‍ നിന്ന് ലഭിക്കുന്നതിന് സമാനമായ 200 മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഹിലാല്‍ നെയ്മറിനിട്ടിരിക്കുന്ന മൂല്യം.
അതേസമയം, നെയ്മറിന്റെ പി.എസ്.ജിയിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2025 വരെ ക്ലബ്ബുമായി താരത്തിന് കരാര്‍ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാന്‍ പി.എസ്.ജി പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയായിരുന്നു.
Content Highlights: Al Hilal wants to sign with Neymar