Football
റോണോയുടേതിനെക്കാള്‍ ഇരട്ടി മൂല്യം; സൗദി അറേബ്യയില്‍ മെസി പുതുചരിത്രം കുറിക്കുമോ? റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 05, 02:42 am
Wednesday, 5th April 2023, 8:12 am

പാരീസ് സെന്റ് ഷെര്‍മാങ് സൂപ്പര്‍താരം ലയണല്‍ മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. പി.എസ്.ജിയുമായുള്ള കരാറിന്റെ അവസാന ഘട്ടത്തിലാണ് താരമെങ്കിലും ക്ലബ്ബുമായുള്ള ഡീല്‍ പുതുക്കാന്‍ താരം ഇതുവരെ തയ്യാറായിട്ടില്ല. ഈ സീസണിന്റെ അവസാനത്തോടെ ഫ്രീ ഏജന്റാവുന്ന താരത്തെ തേടി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് തകര്‍പ്പന്‍ ഓഫര്‍ എത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റൊമാനോയുടെ റിപ്പോര്‍ട്ട് പ്രകാരം സീസണില്‍ 400 മില്യണ്‍ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഇത് അല്‍ നസറില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ലഭിക്കുന്ന വേതനത്തിന്റെ ഇരട്ടി തുകയാണ്. മെസിയുടെ വരവോടെ ലീഗിന്റെ നിലവാരം ഉയര്‍ത്തി ഇരുവരെയും വീണ്ടും എതിരാളികളാക്കി കളിപ്പിക്കുകയാണ് സൗദി ലീഗിന്റെ ലക്ഷ്യം. ഇതോടെ വലിയ താരനിര തന്നെ സൗദി അറേബ്യന്‍ മണ്ണിലേക്ക് തിരിയും.

എന്നിരുന്നാലും മെസിക്ക് 2024 കോപ്പ അമേരിക്ക വരെയെങ്കിലും യൂറോപ്പില്‍ കളിക്കാനാണ് താത്പര്യമെന്നും താരം അല്‍ ഹിലാലിന്റെ ഓഫര്‍ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഴ്‌സലോണ താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും മെസിക്ക് ബിഡ് അയക്കുന്നതിനായി
എഫ്.എഫ്.പി ക്ലിയറന്‍സിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മാനേജ്‌മെന്റെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, 2021ലാണ് ബാഴ്‌സലോണക്ക് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരം ക്ലബ്ബ് വിടുന്നത്. പി.എസ്.ജിക്കായി ഇതുവരെ കളിച്ച് 67 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളും 32 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Al Hilal wants to sign with Lionel Messi for 400 million Euros