| Thursday, 23rd November 2023, 10:10 am

നെയ്മറിനൊരു പകരക്കാരന്‍; ബാഴ്സയില്‍ നിന്നും സൂപ്പര്‍ താരത്തെ നോട്ടമിട്ട് അല്‍ ഹിലാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് പകരക്കാരനായി അല്‍ ഹിലാല്‍ ബാഴ്സലോണ താരം റാഫിഞ്ഞോയെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍.

സൗദി വമ്പന്‍മാരായ അല്‍ ഹിലാലിന്റെ ട്രാന്‍സ്ഫര്‍ ഷോട്ട്‌ലിസ്റ്റില്‍ റാഫിഞ്ഞോ ഇടം പിടിച്ചുവെന്നാണ് സൗദി അറേബ്യയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2022ലാണ് ഇംഗ്ലീഷ് ക്ലബ്ബായ ലീഡ്‌സ് യുണൈറ്റഡില്‍ നിന്നും റാഫിഞ്ഞോ ബാഴ്സലോണയില്‍ എത്തുന്നത്. 57 മില്യണ്‍ യൂറോ നല്‍കിയായിരുന്നു കറ്റാലന്‍മാര്‍ താരത്തെ ടീമിലെത്തിച്ചത്. ബാഴ്സക്കായി 58 മത്സരങ്ങളില്‍ നിന്നും പത്ത് ഗോളുകളും 12 അസിസ്റ്റുകളുമാണ് താരം നേടിയത്.

ഈ സീസണില്‍ ബാഴ്‌സലോണയ്ക്കായി 11 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റാഫിഞ്ഞോ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. സ്പാനിഷ് വമ്പന്‍മാര്‍ക്കൊപ്പം നാലുവര്‍ഷത്തെ കരാര്‍ റാഫീഞ്ഞോക്കുണ്ട് അതുകൊണ്ടുതന്നെ സാവിയുടെ ടീമില്‍ നിന്നും താരം സൗദിയിലേക്ക് ചേക്കേറുമോ എന്ന് കണ്ടുതന്നെ അറിയണം.

അതേസമയം ഉറുഗ്വക്കെതിരായ 2026 ലോകകപ്പ് യോഗ്യത മത്സരത്തിലാണ് നെയ്മറിന് പരിക്കുപറ്റിയത്. കണങ്കാലിന് പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും തുടര്‍ന്ന് നെയ്മര്‍ മത്സരത്തിൽ നിന്നും പുറത്താവുകയുമായിരുന്നു.

ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് ഈ സീസണ്‍ മുഴുവന്‍ നഷ്ടമാവും എന്നുറപ്പായതോടെയാണ് അല്‍ ഹിലാല്‍ താരത്തിന്റെ ക്ലബ്ബുമായുള്ള രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും പകരക്കാരനായി പുതിയ താരങ്ങള്‍ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തത്.

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മനില്‍ നിന്നും ഈ സമ്മറിലാണ് നെയ്മര്‍ അല്‍ ഹിലാലില്‍ എത്തുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് നെയ്മര്‍ നേടിയത്. ഏറെ പ്രതീക്ഷകളോടെ ആയിരുന്നു അല്‍ ഹിലാല്‍ നെയ്മറിനെ സൗദിയില്‍ എത്തിച്ചത്. എന്നാല്‍ താരത്തിന്റെ അപ്രതീക്ഷിതമായ പരിക്ക് ക്ലബ്ബിനും ആരാധകര്‍ക്കും വലിയ തിരിച്ചടിയാണ് നല്‍കിയത്.

സൗദി പ്രോ ലീഗില്‍ 13 മത്സരങ്ങളില്‍ നിന്നും 11 വിജയവും രണ്ട് സമനിലയുമായി 35 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍.

Content Highlight: Al Hilal want to sign rafinha for the replacement of neymar.

We use cookies to give you the best possible experience. Learn more